News - 2025
പാപ്പുവ ന്യൂ ഗിനിയയില്‍ ദൈവവിളി വസന്തം തുടരുന്നു; പാപ്പയുടെ സന്ദര്‍ശനത്തിന് കാത്ത് രാജ്യം
പ്രവാചകശബ്ദം 03-08-2024 - Saturday
പോർട്ട് മോറെസ്ബി: സെപ്റ്റംബറില്‍ ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തില്‍ ഇടംപിടിക്കാനിരിക്കുന്ന പാപ്പുവ ന്യൂ ഗിനിയയിലെ ദൈവവിളി വസന്തം ചര്‍ച്ചയാകുന്നു. പാപ്പുവ ന്യൂ ഗിനിയയിലെ സെമിനാരികൾ ഓരോ വർഷവും മിഷ്ണറിമാരെ കൊണ്ട് നിറയുകയാണെന്ന് ഏജന്‍സിയ ഫിഡെസിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. പസഫിക് സമുദ്രത്തിലെ ഈ രാജ്യത്ത് മൂന്ന് ചെറിയ സെമിനാരികളും രണ്ട് പ്രിപ്പറേറ്ററി സെമിനാരികളും നാല് മേജര്‍ സെമിനാരികളുമാണുള്ളത്. ഡിക്കാസ്റ്ററി ഫോർ ഇവാഞ്ചലൈസേഷൻ്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കഴിഞ്ഞ പരിശീലന വർഷം (2023- 2024) നാല് പ്രധാന സെമിനാരികളിൽ രണ്ടെണ്ണത്തിൽ രാജ്യത്തെ മിക്കവാറും എല്ലാ രൂപതകളിൽ നിന്നും വൈദിക വിദ്യാര്‍ത്ഥികളുണ്ടായിരിന്നു.
159 വൈദിക വിദ്യാര്‍ത്ഥികളാണ് മേജര്‍ സെമിനാരികളില്‍ പഠനം നടത്തുന്നത്. ഇതിന് മുന്‍പ് നൂറിൽ താഴെയും 2021- 2022 കാലയളവില്‍ എഴുപത് വൈദിക വിദ്യാര്‍ത്ഥികളും പഠനം നടത്തിയ സെമിനാരികളിലാണ് ദൈവവിളി വസന്തത്തിന്റെ പ്രകടമായ അടയാളമായി ഇത്തവണ ഇത്രയും അധികം വൈദിക വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. നഗരങ്ങള്‍ക്കു പുറമേ ഗ്രാമങ്ങളിലും സുവിശേഷം പ്രഘോഷിക്കുന്ന മിഷ്ണറിമാരുടെ പ്രവർത്തനം ഫലം കാണുന്നുവെന്നതിനുള്ള തെളിവായാണ് ഇതിനെ പൊതുവേ നിരീക്ഷിക്കുന്നത്. ബഹുഭൂരിപക്ഷവും നിരവധി കുട്ടികളുള്ള കുടുംബങ്ങളില്‍ നിന്നാണ് വൈദിക വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
വിവിധ ഗോത്രങ്ങളിൽ നിന്നുള്ള യുവാക്കളാണ് സെമിനാരികളിൽ എത്തുന്നത്. സമീപകാലത്തു വിവിധ ഗോത്രങ്ങൾ തമ്മിലുള്ള നിരവധി ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ, സെമിനാരികളിൽ ക്രിസ്തുവിന്റെ സ്നേഹം പങ്കുവെയ്ക്കുന്ന യുവവൈദികര്‍ ഒരുങ്ങി വരുന്നത് സഭയ്ക്കു വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ ദ്വീപ് സമൂഹമാണ് പാപ്പുവ ന്യൂഗ്വിനിയ. സെപ്റ്റംബര്‍ ആറു മുതൽ ഒമ്പതു വരെയുള്ള തീയതികളിലാണ് പാപ്പുവ ന്യൂഗിനിയയില്‍ പാപ്പ സന്ദർശനം നടത്തുന്നത്. ഇവിടുത്തെ ജനസംഖ്യയിൽ 32 ശതമാനവും കത്തോലിക്കരാണ്. രാജ്യത്തെ ഐതപ്പെ കത്തോലിക്കാ രൂപതയുടെ അധ്യക്ഷന്‍ മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയിലാണെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുതയാണ്.