News - 2025
ഇഡബ്ല്യുടിഎന്നിന്റെ സ്ഥാപക ബോർഡ് അംഗമായ റിച്ചാർഡ് ഡിഗ്രാഫ് വിടവാങ്ങി
പ്രവാചകശബ്ദം 06-08-2024 - Tuesday
ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക മാധ്യമ ശൃംഖലയായ ഇഡബ്ല്യുടിഎന്നിന്റെ സ്ഥാപക ബോർഡ് അംഗമായ റിച്ചാർഡ് ഡിഗ്രാഫ് വിടവാങ്ങി. 43 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മദർ ആഞ്ചലിക്ക ഇഡബ്ല്യുടിഎന്‍ നെറ്റ്‌വർക്ക് ആരംഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച റിച്ചാർഡ് ഡിഗ്രാഫ് 94-ാം വയസ്സിലാണ് അന്തരിച്ചത്. 1980-ൽ വിസ്കോൺസിനിൽ ഫാമിലി റോസറി കൂട്ടായ്മയില്‍വെച്ചാണ് ഡിഗ്രാഫ് മദർ ആഞ്ചെലിക്കയെ കണ്ടുമുട്ടുന്നത്. ഇഡബ്ല്യുടിഎന്‍ ആദ്യത്തെ സാറ്റലൈറ്റ് ഡിഷ് വാങ്ങാൻ ധനസഹായം തേടുന്ന സമയത്ത് മദർ ആഞ്ചെലിക്കയ്ക്കു നിർണായകമായ ആദ്യകാല പിന്തുണ നൽകിയ ഡി റാൻസ് ഫൗണ്ടേഷൻ എന്ന കത്തോലിക്കാ ജീവകാരുണ്യ സംഘടനയുമായി ബന്ധപ്പെടുത്തിയത് ഡിഗ്രാഫ് ആയിരുന്നു.
ഇഡബ്ല്യുടിഎന്‍ പിറവിയെടുക്കുന്ന നിർണ്ണായക നിമിഷങ്ങളിലും പിന്നീടുള്ള പതിറ്റാണ്ടുകളിലും, ആദ്യത്തെ കത്തോലിക്ക സാറ്റലൈറ്റ് ടെലിവിഷൻ ശൃംഖലയെ നിലത്തുനിർത്തുന്നതിലും നയിക്കുന്നതിലും ഡിഗ്രാഫ് സുപ്രധാന പങ്ക് വഹിച്ചു. വിവിധ ജീവകാരുണ്യ ഫൗണ്ടേഷനുകൾ, ചാരിറ്റികൾ എന്നിവയുമായി ചേര്‍ന്ന് ഇഡബ്ല്യുടിഎന്‍ പ്രവർത്തിക്കുന്നതിന് മുന്‍പ്, ഡിഗ്രാഫിന് ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച കരിയർ ഉണ്ടായിരുന്നു. 1970-കളിൽ കെൻ്റക്കിയിലെ തോമസ് കോളേജിൻ്റെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു. അദ്ദേഹം മുമ്പ് ബെനഡിക്‌ടൈൻ യൂണിവേഴ്‌സിറ്റി, സെൻ്റ് മേരീസ് കോളേജ്, ട്രൈ-സ്റ്റേറ്റ് കോളേജ്, ഡി പോൾ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളിൽ അക്കാദമിക്, ഡെവലപ്‌മെൻ്റ് തസ്തികകൾ വഹിച്ചിട്ടുണ്ട്.
1981-ല്‍ ക്ലാരാ സന്യാസിനീ സമൂഹാംഗമായ മദര്‍ ആഞ്ചലിക്കയായിരിന്നു ഇഡബ്ല്യുടിഎന്‍ ഗ്ലോബല്‍ കത്തോലിക്ക് നെറ്റ് വര്‍ക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മാധ്യമശ്രംഖലക്ക് അലബാമയില്‍ ആരംഭം കുറിച്ചത്. ഇന്ന്‍ ഇ.ഡബ്ല്യു.റ്റി.എൻ (ഇറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ് വർക്ക്) ലോകത്തിൽ 144 രാജ്യങ്ങളിൽ സാന്നിധ്യമുള്ള കത്തോലിക്കാ ടെലിവിഷൻ ചാനലാണ്. മാധ്യമ രംഗത്തിലൂടെ മഹത്തായ സുവിശേഷ പ്രവർത്തനം നടത്തി ശ്രദ്ധേയയായ മദർ ആഞ്ചലിക്ക 2016 മാര്‍ച്ച് 27നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.