News - 2024

വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി ഇറാൻ രാഷ്ട്രപതിയുമായി സംസാരിച്ചു

പ്രവാചകശബ്ദം 13-08-2024 - Tuesday

ടെഹ്റാന്‍: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഏറെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇറാന്റെ പുതിയ രാഷ്ട്രപതി മസൂദ് പെസെഷ്‌കിയാനുമായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ഫോണിൽ സംസാരിച്ചു. ജൂലൈ 31ന് ടെഹ്‌റാനിൽ കൊല്ലപ്പെട്ട ഹമാസിൻ്റെ രാഷ്ട്രീയ നേതാവ് ഇസ്മായിൽ ഹനിയയുടെ മരണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് വന്നതിനു പിന്നാലെയാണ്, കർദ്ദിനാൾ സമാധാനത്തിനുള്ള ആഹ്വാനവുമായി മുൻപോട്ടു വന്നത്.

ഇന്നലെ ആഗസ്റ്റ് പന്ത്രണ്ടാം തീയതിയാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പരോളിൻ, ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചത്. യുദ്ധം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ചുള്ള പരിശുദ്ധ സിംഹാസനത്തിൻ്റെ ആശങ്ക പ്രകടിപ്പിക്കാനും, സംഭാഷണത്തിനും, ചർച്ചകൾക്കും, സമാധാനത്തിനും വേണ്ടി അഭ്യർത്ഥനകൾ നടത്തുന്നതിനും വേണ്ടിയാണ് പരിശുദ്ധ സിംഹാസനം ഇറാന്റെ പുതിയ രാഷ്ട്രപതിയെ വിളിച്ചതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ പ്രവർത്തനങ്ങൾ എല്ലാം ശുഭകരമാകട്ടെയെന്ന് കർദ്ദിനാൾ ആശംസിച്ചു.

എന്നാൽ അതേസമയം, നിലവിലുള്ള സാഹചര്യങ്ങളിന്മേൽ വത്തിക്കാൻ ഏറെ ഉത്ക്കണ്ഠയിലാണെന്ന യാഥാർഥ്യവും കർദ്ദിനാൾ പരോളിൻ പങ്കുവച്ചു. വത്തിക്കാൻ മാധ്യമ വക്താവ് മത്തേയോ ബ്രൂണിയാണ് ഇറാന്‍ പ്രസിഡന്റുമായുള്ള സംഭാഷണ വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചത്. കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പയും മധ്യ പൂർവേഷ്യയിൽ നിലവിലിരിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചിരുന്നു.


Related Articles »