News - 2024
ശതകോടീശ്വരന്‍ ജെഫ് ബെസോസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു
പ്രവാചകശബ്ദം 19-08-2024 - Monday
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരില്‍ രണ്ടാമനും ആമസോൺ കമ്പനിയുടെ സ്ഥാപകനുമായ ജെഫ് ബെസോസ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു. ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യാമറിയത്തിൻ്റെ സ്വർഗ്ഗാരോപണ തിരുനാള്‍ ആഘോഷിക്കുന്ന ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് ജെഫ് ബെസോസും അദ്ദേഹത്തിൻ്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസിനൊപ്പം ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചത്. ഇരുവരെയും ഫ്രാൻസിസ് മാർപാപ്പ ഹൃദ്യമായി സ്വാഗതം ചെയ്തുവെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വത്തിക്കാനിലെ ഫ്രാന്‍സിസ് പാപ്പയുടെ വസതിയിൽ, പാപ്പയ്ക്കു ഒപ്പം സമയം ചെലവഴിക്കുവാന്‍ ജെഫിനും തനിക്കും കഴിഞ്ഞത് ബഹുമതിയായി കാണുകയാണെന്നും പാപ്പയുടെ ജ്ഞാനവും ഊഷ്മളമായ നർമ്മവും ആഴത്തിലുള്ളതായിരിന്നുവെന്നും ലോറൻ സാഞ്ചസ് നവമാധ്യമങ്ങളില്‍ കുറിച്ചു. നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സൗന്ദര്യവും അർത്ഥവും കണ്ടെത്തുന്നതിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പ വിശ്വസിക്കുന്നത് തന്നെ ആഴത്തിൽ സ്വാധീനിച്ചതായും തങ്ങളുമായി പങ്കിട്ട പാപ്പയുടെ കൂടിക്കാഴ്ചയ്ക്കു നന്ദിയുണ്ടെന്നും ലോറൻ കൂട്ടിച്ചേര്‍ത്തു.