Life In Christ - 2024
പെറുവിലെ ആമസോണ്‍ മേഖലയ്ക്കു ക്രിസ്തുവിനെ നല്‍കാന്‍ അര്‍ജന്റീനയില്‍ നിന്ന് മിഷ്ണറി സംഘം
പ്രവാചകശബ്ദം 07-04-2022 - Thursday
ബ്യൂണസ് അയേഴ്സ്: യേശു ക്രിസ്തു ഏല്‍പ്പിച്ച സുവിശേഷ ദൗത്യം സധൈര്യം മുന്നോട്ടു കൊണ്ടുപോകുവാനായി പെറുവിലെ ആമസോണ്‍ മേഖലയെ സുവിശേഷവല്‍ക്കരിക്കുക എന്ന ദൗത്യവുമായി അര്‍ജന്റീനയിലെ മെത്രാന്‍ സമിതി പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളുടെ (പി.എം.എസ്) സഹായത്തോടെ എട്ടു പേരടങ്ങുന്ന ഒരു സുവിശേഷക സംഘത്തെ പെറുവിലെ ആമസോണ്‍ മേഖലയിലേക്കു അയക്കുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ ഒരു വൈദികനെയും, കന്യാസ്ത്രീയെയും ഇതിനോടകം തന്നെ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സിസ്റ്റര്‍ മായ്ര മോണ്‍സ്ലാവേ, ഫാ. ജുവാന്‍ മാനുവല്‍ ഓര്‍ട്ടിസ് ഡെ റോസാ എന്നിവരെയാണ് അയച്ചിരിക്കുന്നത്. പ്യൂയര്‍ട്ടോ മാല്‍ഡൊണാഡോ വികാരിയത്തിലായിരിക്കും ഇവര്‍ തങ്ങളുടെ പ്രേഷിത ദൗത്യം നടത്തുക. ഒരു വൈദികനും രണ്ടു കന്യാസ്ത്രീകളും അഞ്ച് അല്‍മായരും അടങ്ങുന്നതാണ് എട്ടംഗ മിഷ്ണറി സംഘം.
ഇക്കഴിഞ്ഞ ഏപ്രില്‍ 3ന് ബ്യൂണസ് അയേഴ്സിന് സമീപമുള്ള അല്‍മാഗ്രോയിലെ സെന്റ് മേരി ഓഫ് ബെഥനി ഇടവക ദേവാലയത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് ഇവരെ പെറുവിലേക്ക് യാത്രയാക്കിയത്. ബ്യൂണസ് അയേഴ്സ് മെത്രാന്‍ അലെജാണ്ട്രോ ഡാനിയല്‍ ഗ്യോര്‍ജ്ജിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക്, പി.എം.എസ് അര്‍ജന്റീനയുടെ ഡയറക്ടറായ ഫാ. ജെര്‍സി സഹകാര്‍മ്മികത്വം വഹിച്ചു. 12 വര്‍ഷങ്ങളോളം സാന്‍ ഇസിദ്രോ രൂപതയിലെ വൈദികനായി സേവനം ചെയ്തിട്ടുള്ള നാല്‍പ്പത്തിമൂന്നുകാരനായ ഫാ. ഓര്‍ട്ടിസ് രൂപതയുടെ അഡിക്ഷന്‍ മിനിസ്ട്രിയിലും, നാഷ്ണല്‍ ഡ്രഗ് അഡിക്ഷന്‍ കമ്മീഷനിലും സേവനം ചെയ്തിട്ടുണ്ട്. പെറുവിലെ മാന്റാരോയായിരിക്കും ഇനി അദ്ദേഹത്തിന്റെ പ്രേഷിത മേഖല. 2017-ല്‍ അദ്ദേഹം പെറുവിയന്‍ വനമേഖലയായ യൂരിമാഗ്വാസ് സന്ദര്‍ശിച്ചിരുന്നു.
നാല്‍പ്പത്തിമൂന്നുകാരിയായ സിസ്റ്റര്‍ മായ്ര മോണ്‍സ്ലാവേ ടെറിട്ടിയറി ഫ്രാന്‍സിസ്കന്‍ മിഷ്ണറി സമൂഹാംഗമാണ്. വിശുദ്ധ ലിഖിതങ്ങളിലെ പ്രൊഫസര്‍ കൂടിയായ സിസ്റ്റര്‍ വിദ്യഭ്യാസ മേഖലയിലും സേവനം ചെയ്തിട്ടുണ്ട്. കോര്‍ഡോബ റിയോ കുവാര്‍ട്ടോ, ബ്യൂണസ് അയേഴ്സ്, വില്ലാ മരിയ, വില്ല നുയേവ എന്നീ നഗരങ്ങളില്‍, കുട്ടികള്‍, യുവജനങ്ങള്‍, സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി ബന്ധപ്പെട്ട ലിവിംഗ് സ്റ്റോണ്‍സ് മിഷ്ണറി സംരഭത്തിന്റെ ഭാഗമായും സിസ്റ്റര്‍ സേവനം ചെയ്തിട്ടുണ്ട്. എട്ടംഗ സംഘത്തിന്റെ മിഷ്ണറി പ്രവര്‍ത്തനത്തിനു വേണ്ട സാമ്പത്തിക സഹായം പങ്കുവെയ്ക്കാന്‍ അര്‍ജന്റീനിയന്‍ സഭ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പെറുവിലേക്കുള്ള യാത്രയ്ക്കും, ഇമിഗ്രേഷന്‍ നടപടികള്‍ക്കും ആവശ്യമായ ചിലവ് ഓരോ മിഷ്ണറിമാരുടേയും സ്വന്തം രൂപതയാണ് വഹിക്കുന്നത്. ഏതാണ്ട് 40,000 ഡോളര്‍ ചിലവില്‍ ചിരിയുംപിയാരിയിലും, മാന്റാരോവിലും ഓരോ മിഷന്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുകയാണ് എട്ടംഗ മിഷ്ണറി സംഘത്തിന്റെ പ്രാഥമിക ദൗത്യം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക