News - 2024

നൈജീരിയയില്‍ രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് എഴുപതിലധികം ക്രൈസ്തവര്‍

പ്രവാചകശബ്ദം 21-08-2024 - Wednesday

അബൂജ: തെക്കു കിഴക്കൻ നൈജീരിയൻ സംസ്ഥാനമായ ബെന്യൂവിൽ കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന അക്രമാസക്തമായ ആക്രമണങ്ങളിൽ എഴുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 20 ക്രിസ്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ആഗസ്റ്റ് മാസത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം പുറത്തുവന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 8ന് ഉക്കും ലോക്കൽ ഗവൺമെൻ്റ് ഏരിയയിലെ ക്രൈസ്തവര്‍ തിങ്ങി പാര്‍ക്കുന്ന ഗ്രാമമായ അയതിയ്ക്കു നേരെ ഫുലാനി ഗോത്രവിഭാഗം നടത്തിയ ആക്രമണത്തിലാണ് ഇത്രയധികം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ടത്.

സമീപ വർഷങ്ങളിലായി, ക്രൈസ്തവര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ മുസ്ലീം ഫുലാനി വംശീയ വിഭാഗത്തിൽപ്പെട്ട ഇടയന്മാരുടെ ആക്രമണങ്ങളാലും ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ പശ്ചിമാഫ്രിക്കൻ പ്രവിശ്യ തുടങ്ങിയ ഇസ്ലാമിക സംഘടനകളുടെ ആക്രമണങ്ങളാലും നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒന്നര ദശകത്തിനിടെ നിരവധി കത്തോലിക്ക വൈദികര്‍ ഉള്‍പ്പെടെ അരലക്ഷത്തിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

ഓഗസ്റ്റ് 15-ന് എനുഗുവിൽ ഫെഡറേഷൻ ഓഫ് കാത്തലിക് മെഡിക്കൽ ആൻഡ് ഡെൻ്റൽ സ്റ്റുഡൻ്റ്സ് സംഘടിപ്പിച്ച കോൺഫറൻസിലേക്ക് പോകുന്നതിനിടെ ബെന്യൂ സംസ്ഥാനത്തു നിന്നു 20 നൈജീരിയൻ മെഡിക്കൽ അസോസിയേഷൻ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരിന്നു. ഫുലാനി തീവ്രവാദികൾ, ഇസ്ലാമിക വിമതർ എന്നിവരിൽ നിന്ന് ക്രൈസ്തവര്‍ തുടര്‍ച്ചയായി പീഡനം നേരിടുകയാണ്. രാജ്യത്തിൻ്റെ വടക്കൻ ഭാഗത്ത് മതനിന്ദ നിയമങ്ങളും ശരിയത്ത് ക്രിമിനൽ കോഡുകളും നടപ്പിലാക്കുന്നതിലൂടെ നൈജീരിയൻ സർക്കാർ ക്രൈസ്തവരുടെ മേൽ വ്യവസ്ഥാപിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരിന്നു.


Related Articles »