News - 2024
പാപ്പയുടെ സന്ദര്‍ശനം: ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി
പ്രവാചകശബ്ദം 03-09-2024 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഇന്നലെ സെപ്റ്റംബർ 2ന് കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ മന്ത്രാലയവും സർക്കാർ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേർന്നാണ് ജക്കാർത്തയിൽവെച്ച് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായി സ്റ്റാമ്പുകൾ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു.
രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകൾ വഴി മാർപാപ്പയുടെ സന്ദർശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്ന മാർപാപ്പയുടെ സന്ദർശന പ്രമേയം രാജ്യത്തെ കത്തോലിക്കാ സഭയുടെ ഏകത്വം വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 5 ന് ഗെലോറ ബംഗ് കർണോ മെയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പ സ്റ്റാമ്പുകൾ ആശീർവദിക്കുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ ഹുതഗാലുങ് പറഞ്ഞു.
നേരത്തെ 1970-ല്‍ നടന്ന പോൾ ആറാമൻ മാർപാപ്പയുടെ സന്ദർശനത്തിനും 1989-ലെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ സന്ദർശനത്തിനും പ്രത്യേക സ്റ്റാമ്പുകൾ ഇന്തോനേഷ്യ പുറത്തിറക്കിയിരിന്നുവെന്നു ഇന്തോനേഷ്യയിലേക്കുള്ള പേപ്പൽ സന്ദർശനത്തിനായുള്ള കമ്മിറ്റിയുടെ തലവൻ ഇഗ്നേഷ്യസ് ജോനൻ പറഞ്ഞു. ഇന്ന് ജക്കാര്‍ത്തയില്‍ എത്തിച്ചേര്‍ന്ന ഫ്രാൻസിസ് മാർപാപ്പ ആറാം തീയതി വരെയാണ് ഇന്തോനേഷ്യ സന്ദർശനം നടത്തുക.