India - 2024

കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്

04-09-2024 - Wednesday

കുന്നോത്ത്: സീറോമലബാർ സഭയുടെ മലബാറിലെ വൈദിക പരിശീലന കേന്ദ്രമായ തലശ്ശേരി കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി രജത ജൂബിലി വർഷത്തിലേക്ക്. ജൂബിലി വത്സര ഉദ്ഘാടനം നാളെ സെമിനാരിയിൽ നടക്കും. രാവിലെ ഒമ്പതിന് സീറോമലബാർ സഭ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. മേജർ ആർച്ച് ബിഷപ്പ് ജൂബിലി വർഷം ഉദ്ഘാടനം ചെയ്യും.

സെമിനാരി റെക്ടർ ഫാ. ജേക്കബ് ചാണിക്കുഴി, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, നസ്രത്ത് സന്യാസിനി സമൂഹത്തിൻ്റെ മദർ ജനറൽ സിസ്റ്റർ ജസീന്ത എന്നിവർ പ്രസംഗിക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ 2000 സെപ്റ്റംബർ ഒന്നിന് പുറപ്പെടുവിച്ച കാനോനിക വിജ്ഞാപനം വഴിയാണ് സെമിനാരി സ്ഥാപിതമായത്. തലശേരി ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് വലിയമറ്റം കുന്നോത്ത് സാന്തോം എസ്റ്റേറ്റിൽനിന്നു ദാനമായി നൽകിയ 20 ഏക്കർ സ്ഥലത്താണ് സെമിനാരി നിർമിച്ചത്.

ഫാ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. ജോർജ് പുളിക്കൽ, ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ, ഫാ. എമ്മാനുവേൽ ആട്ടേൽ എന്നിവർ സെമിനാരിയുടെ റെക്ടർമാരായിരുന്നു. മാർ ജോസഫ് പാംപ്ലാനി ചെയർമാനും മാർ ജോസഫ് പണ്ടാരശേരിൽ, മാർ പീറ്റർ കൊച്ചുപുരയ്ക്കൽ എന്നിവർ അംഗങ്ങളുമായ സിനഡൽ കമ്മീഷനാണ് സെമിനാരിയുടെ ഇപ്പോഴത്തെ ഉന്നതാധികാര സമിതി.


Related Articles »