News - 2025

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ വൈദികന് മോചനം; സെമിനാരി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 18-03-2025 - Tuesday

അബൂജ: മാർച്ച് ആദ്യ വാരത്തില്‍ തെക്കൻ നൈജീരിയയിൽ ഒരു വൈദികനോടൊപ്പം സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥി കൊല്ലപ്പെട്ടു. മാർച്ച് 13 വ്യാഴാഴ്ച, എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് എൽജിഎയിലെ നോർത്ത് ഐബിയിലെ ഒക്പെക്പെ പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള അമുഗെ ഗ്രാമത്തിന് സമീപം അക്രമികള്‍ ഫാ. ഫിലിപ്പ് എക്വേലി എന്ന വൈദികനെ വിട്ടയച്ചുവെങ്കിലും കൂടെ തട്ടിക്കൊണ്ടുപോയ വൈദിക വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തുകയായിരിന്നു. ഇരുപത്തിയൊന്ന് വയസ്സുള്ള സെമിനാരി വിദ്യാർത്ഥി ആൻഡ്രൂ പീറ്ററിനെ തട്ടിക്കൊണ്ടുപോയവർ ദാരുണമായി കൊലപ്പെടുത്തുകയായിരിന്നുവെന്ന് ഔച്ചി രൂപത മീഡിയ റിലേഷൻസ് ഓഫീസ് ഡയറക്ടർ ഫാ. പീറ്റർ എഗിലേവ പ്രസ്താവനയിൽ അറിയിച്ചു.

മാർച്ച് 3 ന് എഡോ സംസ്ഥാനത്തിലെ എറ്റ്സാക്കോ ഈസ്റ്റ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയുടെ റെക്ടറിയിൽ നിന്ന് രാത്രി ഒന്‍പതരയോടെയാണ് ഫാ. എക്‌വേലിയെയും സെമിനാരി വിദ്യാര്‍ത്ഥിയായ ആൻഡ്രൂവിനെയും തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ ആളുകൾ റെക്ടറിയിലും പള്ളിയിലും പ്രവേശിച്ച് അതിക്രമം നടത്തിയതിന് ശേഷം ഇരുവരെയും അടുത്തുള്ള വനങ്ങളിലേക്ക് കൊണ്ടുപോകുകയായിരിന്നു. ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഇവരെ കുറിച്ച് യാതൊരു സൂചനയുമില്ലായിരിന്നു. രക്ഷാപ്രവർത്തനങ്ങളിൽ പോലീസിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയാണെന്ന് ഔച്ചി കത്തോലിക്കാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് ഗബ്രിയേൽ ദുനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇരകളെ രക്ഷിക്കാൻ ഉന്നതമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂപതയില്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ ആറ് വൈദികര്‍ അക്രമത്തിന് ഇരയായിരിന്നു. മൂന്നു പേര്‍ ക്രൂരമായ ആക്രമണത്തിന് ഇരയായെങ്കിലും രക്ഷപ്പെട്ടു. ഫാ. ക്രിസ്റ്റഫർ ഒഡിയ, സെമിനാരി വിദ്യാര്‍ത്ഥി ആൻഡ്രൂ പീറ്റർ എന്നിവര്‍ ദാരുണമായി കൊല്ലപ്പെട്ടു. ദൈവകാരുണ്യത്താൽ നൈജീരിയയിൽ തട്ടിക്കൊണ്ടുപോകലുകളെ തുടര്‍ന്നു കൊല്ലപ്പെട്ട എല്ലാവരുടെയും ആത്മാക്കൾക്ക് ശാന്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കുകയാണെന്ന വാക്കുകളോടെയാണ് രൂപതയുടെ പ്രസ്താവന അവസാനിക്കുന്നത്. അക്രമവും തട്ടിക്കൊണ്ടുപോകലും കൊലപാതകങ്ങളും കൊണ്ട് ക്രൈസ്തവര്‍ക്ക് പൊറുതിമുട്ടിയ രാജ്യമാണ് നൈജീരിയ.


Related Articles »