News - 2025

തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികളെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍

പ്രവാചകശബ്ദം 16-07-2025 - Wednesday

ഓച്ചി: നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഇവിയാനോക്പോഡിയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാർത്ഥികളെ മോചിപ്പിക്കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍. മൂന്ന് സെമിനാരി വിദ്യാർത്ഥികളെയും മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന പണം നല്‍കണമെന്നാണ് തട്ടിക്കൊണ്ടുപോയവർ രൂപതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം ഓച്ചി ബിഷപ്പ് ഗബ്രിയേൽ ഗിയാഖോമോ ദുനിയ സ്ഥിരീകരിച്ചു.

സെമിനാരി വിദ്യാർത്ഥികൾ ഇപ്പോഴും തടവിലാണെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും ബിഷപ്പ് ദുനിയ പറഞ്ഞു. തട്ടിക്കൊണ്ടുപോയവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരും സുരക്ഷാ സേനയും ശ്രമിക്കുന്നുണ്ടെങ്കിലും ഒരു തുമ്പും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണസമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് സെമിനാരി വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം തടവിലാക്കപ്പെട്ട വൈദിക വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ആശങ്ക ഇപ്പോഴും തുടരുകയാണെന്ന് ബിഷപ്പ് പറഞ്ഞു.

ജൂലൈ 10 വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് പ്രാദേശിക ഗവണ്‍മെന്‍റ് ഏരിയ (എൽജിഎ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന സെമിനാരിയ്ക്കു നേരെ രാത്രി 9 മണിയോടെയാണ് ആക്രമണമുണ്ടായത്. നിരവധി തോക്കുധാരികൾ ഉള്‍പ്പെടുന്ന സംഘമാണ് ആക്രമണം നടത്തിയത്. മൂന്നു വൈദിക വിദ്യാര്‍ത്ഥികളെയും ഘോരമായ വനപ്രദേശത്തേയ്ക്കാണ് തട്ടിക്കൊണ്ടുപോയതെന്നു നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »