News - 2024

ഫ്രാന്‍സിലെ കത്തോലിക്ക ദേവാലയത്തിന് തീവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവി

പ്രവാചകശബ്ദം 06-09-2024 - Friday

പാരീസ്: വടക്കന്‍ ഫ്രാന്‍സിലെ സെൻ്റ് ഒമെർ പട്ടണത്തില്‍ കഴിഞ്ഞ തിങ്കളാഴ്‌ച അമലോത്ഭവമാത കത്തോലിക്ക ദേവാലയത്തിന് തീവെച്ചയാൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് 25 തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ തീവ്ര ഇടതുപക്ഷ, ഇസ്ലാമിക, ക്രൈസ്തവ വിരുദ്ധ പ്രവൃത്തികൾക്കു പോലീസിൻ്റെ നോട്ടപ്പുള്ളിയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് അനുഭാവിയാണ് പ്രതിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1859ൽ പണിത പള്ളിയുടെ മേൽക്കൂരയും മണിമാളികയും തീപിടിത്തത്തിൽ തകർന്നുവീണിരിന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 39 വയസ്സുള്ള പ്രതി പോലീസിന്റെ നോട്ടപുള്ളി ലിസ്റ്റില്‍ ഉണ്ടായിരിന്ന വ്യക്തിയായിരിന്നുവെന്ന് സെൻ്റ് ഒമർ പബ്ലിക് പ്രോസിക്യൂട്ടർ മെഹ്ദി ബെൻബൗസിദ് ചൊവ്വാഴ്ച എഎഫ്‌പിയോട് പറഞ്ഞു. ഇതിനോടകം 15 പള്ളികൾ കത്തിക്കാൻ പ്രതി ശ്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫ്രാൻസിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023ൽ ഫ്രാൻസിൽ മാത്രം ക്രൈസ്തവര്‍ക്കും സ്ഥാപനങ്ങൾക്കുമെതിരേ ആയിരത്തോളം ആക്രമണങ്ങൾ നടന്നു. ഇതിൽ 90 ശതമാനവും ദേവാലയങ്ങള്‍ക്കും സെമിത്തേരികൾക്കും നേരേ ആയിരുന്നു. അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹം ഫ്രാന്‍സിന്റെ സ്വസ്ഥജീവിതത്തെ താറുമാറാക്കിയെന്ന റിപ്പോര്‍ട്ട് പല കോണുകളില്‍ നിന്നു ഉയരുന്നുണ്ട്.


Related Articles »