India - 2024

ദയാവധത്തിനുള്ള അനുവാദം കൊലപാതകത്തിനും ആത്മഹത്യയ്ക്കും വഴിയൊരുക്കുന്നത്: പ്രോലൈഫ് അപ്പസ്തോലേറ്റ്

പ്രവാചകശബ്ദം 01-10-2024 - Tuesday

കൊച്ചി: രോഗബാധിതരായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അവരുടെയോ,ഏറ്റവുമടുത്ത ബന്ധുക്കളുടേയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധമനുവദിക്കുന്നതിൽ ഡോക്ടർമാർക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന കേന്ദ്ര സർക്കാർ നയം മനുഷ്യജീവന്റെ മഹത്വത്തെ അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യുന്നതല്ലെന്ന് പ്രോലൈഫ് അപ്പസ്‌തോലേറ്റ്. കേന്ദ്രസർക്കാരിന്റെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട്പെരുമാറ്റചട്ടങ്ങളിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണം. ജീവന്റെ സംസ്കാരത്തിൽ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവർ കരട് പെരുമാറ്റചട്ടങ്ങളെക്കുറിച്ച് സർക്കാർ നിർദേശിച്ച ഒക്ടോബർ 20നകം അഭിപ്രായം അറിയിക്കുവാൻ പ്രോലൈഫ് അപ്പസ്‌തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭർത്ഥിച്ചു.

ആരോഗ്യം ക്ഷയിക്കുമ്പോൾ ജീവിതമവസാനിപ്പിക്കാമെന്ന തീരുമാനമെടുത്ത രാജ്യങ്ങളിൽപ്പോലും പുനപരിശോധിക്കണമെന്ന അവശ്യമുയരുമ്പോൾ ഭാരതത്തിൽ ജീവൻവിരുദ്ധ മനോഭാവങ്ങളെ പിന്തുണക്കരുതെന്നും, മനുഷ്യജീവനെ പ്രയോജനക്ഷമതയും വരുമാനവും, സാഹചര്യങ്ങളും നോക്കി ജീവിതമവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി തന്റെ സ്വാതന്ത്ര്യമായ തീരുമാനഫലമായി രൂപപ്പെടുത്തിയതല്ല അവന്റെ ജീവൻ. അതുകൊണ്ടുതന്നെ ഒരു കരണവശാലും അതിന് വിരാമമിടാനും അവന് സാധിക്കില്ല.

ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവരുടെ കടമ ജീവൻ രക്ഷിക്കലും, ജീവൻ നീട്ടികൊണ്ടുപോകലും മാത്രമല്ല, രക്ഷിക്കാൻ കഴിയാത്തവരെ മരണം വരെ സ്നേഹനിർഭരമായി പരിചരിക്കുക എന്നതും അത്രയുംതന്നെ പ്രാധാന്യമർഹിക്കുന്ന കർതവ്യമാണ്. ഉപകാരപ്രദമല്ലാത്ത ചികിത്സ ഉപേക്ഷിക്കാനും, വേദനയിൽ നിന്നും, സഹനത്തിൽനിന്നും ശമനം ലഭിക്കാനും, മറ്റുള്ളവരുടെ സ്നേഹനിർഭരമായ സാമിപ്യവും ശ്രദ്ധയും ലഭിക്കാനും രോഗിക്ക് അവസരമുണ്ടാക്കണം. ഈ അവസ്ഥയിലും താൻ സ്നേഹിക്കപെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന അനുഭവം രോഗിക്ക് ലഭിക്കണം.

ദയാവധം,കാരുണ്യ വധം എന്നിങ്ങനെ ആകർഷകമായ വിവിധ പേരിൽ വിളിക്കുമ്പോൾതന്നെ അത് ആത്മഹത്യയോ കൊലപാതകമോ ആയതുകൊണ്ട് എപ്പോഴും ഒഴിവാക്കേണ്ട പ്രവർത്തിയാണ്. പ്രതീക്ഷയറ്റ മാറാരോഗികൾ ദയാവധം ആവശ്യപ്പെടുന്നുവെങ്കിൽ യഥാർത്ഥത്തിൽ അവർ തേടുന്നതും ക്രൂരമായ വധമല്ല, മറിച്ച് അവർ നിരാശയിൽ സ്നേഹത്തിനും കരുതലിലുംവേണ്ടി നിലവിളിക്കുകയാണന്ന്‌ സമൂഹം തിരിച്ചറിയണം. സ്നേഹോഷ്മളമായ പരിചരണം രോഗികൾക്ക് നൽകുന്നതിനുള്ള കടമയുണ്ടെന്ന സങ്കല്പമാണ് ദയാവധ ചിന്തകൾവഴി തകരുന്നത്. ഇത്തരമൊരു നിയമനിർമ്മാണം രോഗികൾക്ക് മാത്രമല്ല, വൃദ്ധർക്കും, ദാരിദ്രർക്കും, വികലാംഗർക്കുമെല്ലാം ഭീഷണിയാകുമെന്നും മറക്കരുത്.

ജീവന്റെ പവിത്രതയെക്കുറിച്ചുള്ള സമൂഹത്തിന്റെ ആത്മീയവും ധാരമ്മികവുമായ ബോദ്ധ്യങ്ങൾ തകർക്കുന്ന ഒരു പ്രവണത ദയാവധത്തോടും ആത്മഹത്യയോടുമുള്ള നിലപാടിൽ കാണുന്നു. മരണസംസ്കാരത്തിന് വഴിയൊരുക്കുന്ന നിയമനിർമ്മാണ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും, സമൂഹത്തിന്റെ പ്രാർത്ഥനയും പ്രതികരണവും പ്രവർത്തനവും ആവശ്യമാണെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

More Archives >>

Page 1 of 603