News - 2025

ലെബനോനില്‍ 9000 ക്രിസ്ത്യാനികൾ അപകടത്തില്‍: വെളിപ്പെടുത്തലുമായി കത്തോലിക്ക സന്യാസിനി

പ്രവാചകശബ്ദം 03-10-2024 - Thursday

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള യുദ്ധത്തെ തുടര്‍ന്നു തെക്കൻ ലെബനോനിലെ മൂന്ന് ഗ്രാമങ്ങളിലെ 9000 ക്രിസ്ത്യാനികൾ അപകടത്തിലാണെന്ന് കത്തോലിക്ക സന്യാസിനിയുടെ വെളിപ്പെടുത്തല്‍. സേക്രഡ് ഹാര്‍ട്സ് ഓഫ് ജീസസ് ആന്‍ഡ് മേരി സന്യാസ സമൂഹാംഗമായ സിസ്റ്റർ മായ എൽ ബെയ്‌നോയാണ് പ്രദേശത്തെ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതാവസ്ഥകള്‍ വിവരിച്ച് രംഗത്തു വന്നിരിക്കുന്നത്. സ്ഥിതി ഭയാനകമാണെന്നും ക്രൈസ്തവര്‍ നിരന്തരമായ അപകടത്തിലാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പൊന്തിഫിക്കൽ ഫൗണ്ടേഷനു നല്‍കിയ അഭിമുഖത്തില്‍ സിസ്റ്റര്‍ വെളിപ്പെടുത്തി.

"അടുത്തായി ആശുപത്രിയില്ല. വെള്ളമില്ല. സഹായത്തിനായി വിളിക്കാൻ ആരുമില്ല. ദിവസത്തില്‍ മൂന്ന് മണിക്കൂർ മാത്രമേ വൈദ്യുതി ഉള്ളൂ. ഇൻ്റർനെറ്റ് കണക്ഷനില്ല. ഓരോരുത്തരും പലായനം ചെയ്ത ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, പക്ഷേ തോൽക്കുമെന്ന് ഭയന്ന് പ്രദേശത്ത് താമസിക്കാൻ തിരഞ്ഞെടുത്ത നിരവധി ക്രിസ്ത്യാനികളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല". അവരുടെ വീടും ഭൂമിയും എന്നേക്കും നഷ്ട്ടമായേക്കുമെന്ന് അവര്‍ ഭയപ്പെടുകയാണെന്നു സിസ്റ്റര്‍ പറയുന്നു.

അനേകം ആളുകൾ തെക്കൻ ലെബനോനിലെ വീടുകൾ ഉപേക്ഷിച്ച് തങ്ങളുടെ രൂപതയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് സിഡോണിലെ ബിഷപ്പ് മറൂൺ അമ്മാർ എസിഎന്നിനോട് വെളിപ്പെടുത്തിയിരിന്നു. കുടിയിറക്കപ്പെട്ടവരെ സഹായിക്കുകയും അവർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കേണ്ടതുണ്ടെന്നും ലെബനോനിലെ എ‌സി‌എന്‍ സംഘടനയുടെ പ്രോജക്ട് കോർഡിനേറ്റർ മാരിയേലെ ബൂട്രോസും അടുത്തിടെ പറഞ്ഞിരിന്നു. നിലവിൽ ലെബനോനിൽ 200 പ്രോജക്ടുകളിലായി എ‌സി‌എന്‍ സഹായം എത്തിക്കുന്നുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »