News - 2024

പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം ഡിസംബർ 7ന്

പ്രവാചകശബ്ദം 14-10-2024 - Monday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച പുതിയ കർദ്ദിനാളുമാരെ സ്ഥാനിക പദവിയിലേക്ക് ഉയര്‍ത്തുന്ന തിരുക്കര്‍മ്മങ്ങള്‍ ഡിസംബർ 7ന് നടക്കുമെന്ന്‍ വത്തിക്കാന്‍ അറിയിച്ചു. നേരത്തെ ഡിസംബർ 8ന് കണ്‍സിസ്റ്ററിയില്‍ ചടങ്ങ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുണ്ടായിരിന്നത്. ഒക്‌ടോബർ 12-ന് വത്തിക്കാനിലെ മാസ്റ്റർ ഓഫ് സെറിമണി പുറത്തിറക്കിയ ആരാധനക്രമത്തെ സംബന്ധിക്കുന്ന സമയ വിവരങ്ങള്‍ പ്രകാരം, ചടങ്ങ് ഡിസംബർ 7-ന് ഉച്ചകഴിഞ്ഞ് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കും.

പിറ്റേന്നു ഡിസംബർ 8ന് പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനത്തില്‍ ഫ്രാൻസിസ് പാപ്പയും മുഴുവൻ കർദ്ദിനാളുമാരും വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഒരുമിച്ചു കൃതജ്ഞത ബലിയര്‍പ്പിക്കും. ബെനഡിക്ട് പാപ്പ ജീവിച്ചിരിന്ന കാലയളവില്‍ നടന്ന കണ്‍സിസ്റ്ററിയിലെല്ലാം പുതിയ കര്‍ദ്ദിനാളുമാര്‍ മുന്‍പാപ്പയെ കാണാന്‍ പോകുന്നത് പതിവായിരിന്നു. ഫ്രാന്‍സിസ് പാപ്പയോടൊപ്പമാണ് പുതിയ കര്‍ദ്ദിനാളുമാര്‍ ബനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരിന്നത്. പാപ്പയുടെ വിയോഗത്തിന് ശേഷമുള്ള രണ്ടാമത്തെ കണ്‍സിസ്റ്ററിയാണ് നടക്കാന്‍ പോകുന്നത്.

അതേസമയം നവംബറിലും ഡിസംബറിൻ്റെ തുടക്കത്തിലും സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടക്കുന്ന മറ്റ് മൂന്ന് പേപ്പല്‍ ബലിയര്‍പ്പണത്തിന്റെ തീയതികളും വത്തിക്കാൻ ശനിയാഴ്ച പ്രസിദ്ധീകരിച്ചു. നവംബർ 17ന്, ലോക ദരിദ്രരുടെ ദിനത്തോടനുബന്ധിച്ചും നവംബർ 24 ന്, ക്രിസ്തു രാജന്റെ ദിനത്തിലും ഡിസംബർ 12-ന് ഗ്വാഡലൂപ്പിലെ മാതാവിൻ്റെ തിരുനാള്‍ ദിനത്തിലും പാപ്പ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വിശ്വാസി സമൂഹത്തോടൊപ്പം ദിവ്യബലിയര്‍പ്പിക്കും.


Related Articles »