News - 2025

പുനരധിവാസ പ്രവർത്തനങ്ങൾക്ക് 82 ലക്ഷത്തോളം രൂപയുടെ സഹായവുമായി മെൽബൺ സീറോ മലബാർ രൂപത

പ്രവാചകശബ്ദം 16-10-2024 - Wednesday

മെൽബൺ: ജൂലൈ മാസത്തിൽ വയനാട്ടിലും വിലങ്ങാടും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസപ്രവർത്തനങ്ങൾക്ക് 146,707.41 ഓസ്‌ട്രേലിയൻ ഡോളർ (82 ലക്ഷം രൂപ)നല്കാൻ സാധിച്ചുവെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതാധ്യക്ഷൻ മാര്‍ ജോൺ പനന്തോട്ടത്തിൽ. രൂപതയിലെ എല്ലാ ഇടവകളിലും മിഷനുകളിലും നിന്നും ഓഗസ്റ്റ് മാസത്തിൽ വിശുദ്ധ കുർബാന മധ്യേ പ്രത്യേക സ്‌തോത്ര കാഴ്ചയിലൂടെ ശേഖരിച്ച തുകയാണ് പുനരധിവാസപ്രവർത്തനങ്ങൾക്കായി ദുരിതമേഖല ഉൾപ്പെടുന്ന മാനന്തവാടി, താമരശ്ശേരി രൂപതകൾക്കായി നല്കിയത്.

സമാനതകളില്ലാത്ത തീരാദുരിതത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ കാണിച്ച അനുകമ്പയ്ക്കും പിന്തുണയ്ക്കും എല്ലാ രൂപതാഗംങ്ങളെയും അഭിനന്ദിക്കുന്നുവെന്നും നിസ്വാർത്ഥമായ ഈ ഉപവിപ്രവർത്തികൾക്ക് ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നും ദുരിതാശ്വാസഫണ്ടുമായി സഹകരിച്ച ഏവർക്കും നന്ദി അര്‍പ്പിക്കുകയാണെന്നും മാര്‍ ജോൺ പനന്തോട്ടത്തിൽ പ്രസ്താവനയില്‍ കുറിച്ചു. വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി നേരത്തെ തീരുമാനിച്ചിരിന്നു.


Related Articles »