India - 2025

കെ‌സി‌ബി‌സി ദുരിത ബാധിതര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ 59 എണ്ണം വയനാട്ടില്‍, 41 വീടുകള്‍ വിലങ്ങാട്

05-03-2025 - Wednesday

കൽപ്പറ്റ: വിലങ്ങാട്, പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ പ്രഖ്യാപിച്ച 100 വീടുകളിൽ 59 എണ്ണം നിർമ്മിക്കുന്നത് വയനാട്ടിൽ. മാനന്തവാടി, ബത്തേരി, കോഴിക്കാട് രൂപതകളുടെ സാമൂഹിക സേവന വിഭാഗങ്ങൾ മുഖേനയാണ് ജില്ലയിൽ ഭവന നിർമാണം. കോഴിക്കോട് ജില്ലയിൽപ്പെട്ട വിലങ്ങാടിൽ 41 വീടുകളാണ് ദുരന്തബാധിതർക്കായി പണിയുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്ത നങ്ങൾക്ക് താമരശേരി രൂപതയാണ് ചുക്കാൻ പിടിക്കുന്നത്. വയനാട്ടിൽ 37 വീടുകൾ മാനന്തവാടി രൂപതയുടെ നിയന്ത്രണത്തിലുള്ള വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് നിർമിക്കുന്നത്. ബാക്കി വീടുകൾ ബത്തേരി രൂപതയ്ക്കു കീഴിലുള്ള ശ്രേയസും കോഴിക്കോട് രൂപതയുടെ മേൽനോട്ടത്തിലുള്ള ജീവനയും പണിയും.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് ബത്തേരി രൂപത പുമലയിൽ ഒരേക്കർ സ്ഥലം കണ്ടെത്തിയതായി ശ്രേയസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. കോഴിക്കോട് രൂപത എത്ര വീടുകൾ എവിടെ നിർമിക്കുമെന്നതിൽ അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, ജീവന എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ.വി.സി. ആൽഫ്രഡ് എന്നിവർ പറഞ്ഞു. സംസ്ഥാന സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തുന്നവരുടെ പൂർണ അന്തിമ പട്ടിക പുറത്തുവിടുന്ന മുറയ്ക്ക് ബത്തേരി, കോഴിക്കോട് രൂപതകൾ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പുനരധിവാസ പദ്ധതി ഗുണഭോക്താക്കളെ തെരഞ്ഞെടുത്തതായി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ് എന്നിവർ പറഞ്ഞു.


Related Articles »