India

2025 മാനന്തവാടി രൂപതയില്‍ കുടുംബ വർഷമായി ആചരിക്കും

പ്രവാചകശബ്ദം 18-10-2024 - Friday

മാനന്തവാടി: യേശുക്രിസ്തുവിൻ്റെ ജനനത്തിൻ്റെ 2025- മത് വാർഷികത്തിൻ്റെ ഭാഗമായി ആഗോളസഭ മഹാജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനോടനുബന്ധിച്ച് കുടുംബവർഷമായി ആചരിക്കാന്‍ മാനന്തവാടി രൂപതയുടെ തീരുമാനം. ദ്വാരക പാസ്റ്ററൽ സെന്ററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ക്രിസ്ത്യൻ സമുദായത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും ഏറെ ഗുണകരമായ ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരസ്യപ്പെടുത്തുകയും ശുപാർശകൾ കാലതാമസമില്ലാതെ നടപ്പിലാക്കുകയും ചെയ്യണമെന്ന് മാനന്തവാടി രൂപത പാസ്റ്ററൽ കൗൺസിൽ ആവശ്യപ്പെട്ടു.

ക്രയവിക്രയ അധികാരത്തോടെ തീറാധാരമായി പണം കൊടുത്തു വാങ്ങിയ ഭൂമിയിൽ തലമുറകളായി സ്ഥിരതാമസമാക്കിയിട്ടുള്ള, മുനമ്പത്തെ 610 കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കണമെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും നീതിക്കും നിലനിൽപ്പിനും വേണ്ടിയുള്ള മുനമ്പം നിവാസികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസിൽ അറിയിച്ചു. യോഗത്തില്‍ ചൂരൽമല, മുണ്ടക്കൈ പ്രകൃതിദുരന്തത്തിൽ മാനന്തവാടി രൂപത നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുകയും ചെയ്തു.

രൂപതാബിഷപ്പ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം, വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, സെഞ്ചുല്ലെസ് ഫാ.ബെന്നി മുതിരക്കാലായിൽ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോസ് പുഞ്ചയിൽ, ജിൽസ് മേയ്ക്കൽ, ബിനു തോമസ്, ഡോ. സെബാസ്റ്റ്യൻ വി.ജെ, ഫാ. കുര്യക്കോസ് കുന്നത്ത്, ജോയി ചാച്ചിറ, ലൈല, ഗ്രേസി ചിറ്റിലപ്പിള്ളി, സിജി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

More Archives >>

Page 1 of 606