News

ഇസ്രായേൽ പാലസ്തീൻ മുൻ ഭരണാധികാരികൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചു

പ്രവാചകശബ്ദം 18-10-2024 - Friday

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ ഭീകരത നേരിടുന്ന ഇസ്രായേലിലെയും പാലസ്തീനിലെയും മുൻ ഭരണാധികാരികൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിച്ചു. ഇസ്രായേൽ മുൻ പ്രധാനമന്ത്രി എഹൂദ് ഓൾമെർട്ട് പാലസ്തീന്റെ മുൻ വിദേശകാര്യ മന്ത്രി നാസർ അൽ-കിദ്വ എന്നിവരാണ് വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചത്. ഇസ്രായേൽ- പാലസ്തീൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന യുദ്ധഭീകരത നിരവധി നിരപരാധികളുടെ ജീവൻ അപകടപ്പെടുത്തുമ്പോൾ, സമാധാനത്തിനുള്ള ആഹ്വാനവുമായാണ് കൂടിക്കാഴ്ചകള്‍ നടന്നത്.

ഇരു രാജ്യങ്ങളുടെയും കാര്യത്തിൽ ഫ്രാൻസിസ് പാപ്പയ്ക്കുള്ള പ്രത്യേക താത്‌പര്യത്തെ ഇരു നേതാക്കളും നന്ദിയോടെ അനുസ്മരിച്ചു. വെടിനിർത്തൽ, ഇസ്രായേലി ബന്ദികളെയും പലസ്തീൻ തടവുകാരെയും ഒരേസമയം മോചിപ്പിക്കുക രണ്ട് പ്രത്യേക സംസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ സമാധാനപൂർവ്വം നടത്തുക എന്നീ നിർദേശങ്ങൾ ഇരു നേതാക്കളും പാപ്പായ്ക്കു സമർപ്പിച്ചു. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ബന്ധിപ്പിക്കുന്ന ഇടനാഴി അനുവദിക്കുന്ന പ്രദേശം പാലസ്തീനികൾക്കായി നൽകുന്നത് പ്രയോജനകരമാകുമെന്നു ഒൽമെർട്ട് അഭിപ്രായപ്പെട്ടു.

ഫ്രാൻസിസ് പാപ്പയുടെ നല്ല സേവനത്തിനു ഇരുവരും നന്ദി പറഞ്ഞു. അരമണിക്കൂറിലധികം സമയം തങ്ങളെ ശ്രവിച്ച പാപ്പ, സംഘർഷത്തിൻ്റെ എല്ലാ അവസ്ഥകളും അനുദിനം പിന്തുടരുന്നുണ്ടെന്നും എല്ലാ ദിവസവും ഗാസയിലെ ക്രിസ്ത്യാനികളുമായി താൻ ബന്ധപ്പെടുന്നുണ്ടെന്നു പാപ്പ പറഞ്ഞുവെന്നു നേതാക്കൾ പങ്കുവച്ചു. 2009 വരെ പ്രധാനമന്ത്രിയായിരുന്ന ഓൾമെർട്ടിന് മധ്യപൂർവ്വേഷ്യയിലെ സമാധാന ചർച്ചകളിൽ ഒരു സുപ്രധാന പങ്കുവെച്ച വ്യക്തിയാണ്. അദ്ദേഹത്തിന്റെ സർക്കാരിന്റെ കീഴിലാണ്, 2006ലെ ലെബനോനിലെ യുദ്ധത്തിൽ വെടിനിർത്തൽ കരാർ ഒപ്പുവച്ചത്.


Related Articles »