India - 2024
മുനമ്പം സത്യഗ്രഹത്തിനു പിന്തുണ അറിയിച്ച് മെത്രാന്മാര്
പ്രവാചകശബ്ദം 19-10-2024 - Saturday
മുനമ്പം: വഖഫ് അവകാശവാദം മൂലം പ്രതിസന്ധിയിലായ മുനമ്പം നിവാസികൾ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി നടത്തുന്ന റിലേ നിരാഹാര സത്യഗ്രഹത്തിനു പിന്തുണ അറിയിച്ച് മെത്രാന്മാര്. കെആർഎൽസിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, കണ്ണൂർ രൂപതയുടെ നിയുക്ത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി എന്നിവരാണ് എത്തിയത്.
മുനമ്പത്തെ ഭൂപ്രശ്നത്തിന് ഭരണകൂടങ്ങൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നു ഡോ. വർഗീസ് ചക്കാലക്കൽ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ മാനസിക സംഘർഷങ്ങളും ദുരിതങ്ങളും കണ്ട് സത്വര നടപടികൾ സ്വീകരിക്കണം. പ്രദേശവാസികൾക്കു നീതി നടപ്പാക്കണമെന്നും അദ്ദേഹം കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും വഖഫ് ബോർഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടപ്പുറം രൂപത വികാരി ജനറാൾ മോൺ. റോക്കി റോബിൻ കളത്തിൽ, കെഎ ൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ്, ഡിസിസി മെംബർ സോളി രാജ്, അഖിലകേരള മത്സ്യത്തൊഴിലാളി സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് തുടങ്ങിയവരും ഇന്നലെ സമരപ്പന്തലിലെത്തി ഐക്യദാർഢ്യമറിയിച്ചു.