News

സുഡാനി ക്രൈസ്തവരെ ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നതിനെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന

പ്രവാചകശബ്ദം 19-10-2024 - Saturday

ഖാർത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ ക്രൈസ്തവരെ ഇസ്ലാമിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നതിനെ അപലപിച്ച് ബ്രിട്ടീഷ് മനുഷ്യാവകാശ സംഘടന രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സുഡാനി ആംഡ് ഫോഴ്‌സ് (SAF) മിലിട്ടറി ഇൻ്റലിജൻസ് യൂണിറ്റ് 12 ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയും ഇസ്ലാമിലേക്ക് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുകയും ചെയ്തിരിന്നു. ഇതിനെ അപലപിച്ചാണ് യുകെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡ് (CSW) രംഗത്തുവന്നിരിക്കുന്നത്. 26 പേരടങ്ങുന്ന സംഘത്തെയാണ് ആദ്യം തടങ്കലിലാക്കിയതെങ്കിലും ഒക്‌ടോബർ 12നും 13നും ഇടയിൽ 14 പേരെ വിട്ടയച്ചു.

എന്നാല്‍ ശേഷിക്കുന്നവര്‍ തടവില്‍ തുടരുകയാണ്. നിലവിലുള്ള സംഘർഷത്തിൻ്റെ തുടക്കം മുതൽ വ്യാപകമായി നടക്കുന്ന നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ സുഡാനി ആംഡ് ഫോഴ്‌സിനോട് ആവശ്യപ്പെടുകയാണെന്ന് സംഘടന പ്രസ്താവിച്ചു. മോറോ നുബാൻ ഗോത്രത്തിൽ നിന്നുള്ള തടവിലാക്കപ്പെട്ട ക്രൈസ്തവര്‍ ദീർഘകാലമായി മതപരവും വംശീയവുമായ വിവേചനം നേരിടുന്നവരാണ്. ഇവരെ പിടികൂടിയിരിക്കുന്ന മിലിട്ടറി ഇൻ്റലിജൻസിൻ്റെ അൽമുദാദ യൂണിറ്റ് നടത്തുന്ന പീഡനം കുപ്രസിദ്ധമാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഗെസിറ സംസ്ഥാനത്തെ അൽ തോറ മൊബെ ഗ്രാമത്തിലെ ക്രൈസ്തവരെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നിർബന്ധിക്കുന്നുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. 2011 മുതൽ നുബ പർവതനിരകളിൽ നിന്നുള്ള ക്രൈസ്തവ അഭയാർത്ഥികൾ താമസിക്കുന്ന ഗ്രാമം 2023 ഡിസംബർ മുതൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് നിയന്ത്രണത്തിലാണ്. അതേസമയം, സുഡാനി പോരാളികളുടെ ഭീഷണിയെ തുടര്‍ന്നു ചുരുങ്ങിയത് 25 സ്ത്രീകളും 54 കുട്ടികളും ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾ, സുഡാനീസ് ചർച്ച് ഓഫ് ക്രൈസ്റ്റ് കെട്ടിടത്തിൽ താമസിക്കാൻ നിർബന്ധിതരായ സാഹചര്യമാണുള്ളതെന്നും ഇവരുടെ അവസ്ഥ ദയനീയമാണെന്നും CSW പറയുന്നു.

2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട സുഡാനിലെ ആഭ്യന്തര യുദ്ധം ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) അടുത്തിടെ പ്രസ്താവിച്ചിരിന്നു. രാജ്യത്തു അരങ്ങേറിയ അക്രമം ഇതിനകം ആയിരക്കണക്കിന് മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാസ ജീവിതത്തിനും കാരണമായിട്ടുണ്ട്. സുഡാനിലെ ജനസംഖ്യയുടെ 91% പേരും ഇസ്ലാം മതസ്ഥരാണ്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »