News

മാര്‍പാപ്പയുടെ പേര് പ്രഖ്യാപിക്കുന്ന കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കനായിരിന്ന റെനാറ്റോ റാഫേൽ ദിവംഗതനായി

പ്രവാചകശബ്ദം 29-10-2024 - Tuesday

വത്തിക്കാന്‍ സിറ്റി: കോണ്‍ക്ലേവിന് ശേഷം പുതിയ മാര്‍പാപ്പയുടെ പേര് പ്രഖ്യാപിക്കുന്ന മുന്‍ കര്‍ദ്ദിനാള്‍ പ്രോട്ടോഡീക്കന്‍ കര്‍ദ്ദിനാള്‍ റെനാറ്റോ റാഫേൽ ദിവംഗതനായി. ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ ഉന്നത നയതന്ത്രജ്ഞനായി 16 വർഷം സേവനമനുഷ്ഠിക്കുകയും വർഷങ്ങളോളം റോമിലെ പ്രധാന പൊന്തിഫിക്കൽ കൗൺസിലുകളുടെ തലവനായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 91 വയസ്സുള്ള കര്‍ദ്ദിനാള്‍ റെനാറ്റോ ഇന്നലെ തിങ്കളാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.

2002-2009 കാലഘട്ടത്തിൽ നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും 2006-2009 കാലഘട്ടത്തിൽ കുടിയേറ്റക്കാരുടെ അജപാലനപരമായ കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെയും പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിരിന്നു. 2014 മുതൽ കഴിഞ്ഞ ജൂലൈ വരെ അദ്ദേഹം കർദ്ദിനാൾ പ്രോട്ടോഡീക്കനായി സേവനമനുഷ്ഠിച്ചിരിന്നു. യു.എന്നിലെ തൻ്റെ സേവനത്തിനു പുറമേ, തായ്‌ലൻഡ്, മലേഷ്യ, ലാവോസ്, സിംഗപ്പൂർ, ബ്രൂണെ എന്നിവിടങ്ങളിൽ വത്തിക്കാൻ നയതന്ത്രജ്ഞനായി സേവനമനുഷ്ഠിച്ച അദ്ദേഹം ന്യൂൺഷ്യോ പദവികൾ ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിച്ചു.

1932 നവംബർ 23ന് ഇറ്റലിയിലെ സലേർനോയിലാണ് ജനനം. 1957 ജൂൺ 20ന് വൈദികനായി അഭിഷിക്തനായി. കാനോൻ നിയമത്തിൽ ബിരുദം നേടിയ അദ്ദേഹം അഞ്ച് ഭാഷകളില്‍ പ്രാവീണ്യം നേടി. 2003-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 2005-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കര്‍ദ്ദിനാള്‍ റെനാറ്റോ പങ്കെടുത്തിരിന്നു. കര്‍ദ്ദിനാള്‍ മാർട്ടിനോയുടെ സംസ്‌കാര ശുശ്രൂഷ നാളെ ഒക്ടോബർ 30-ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കും. കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ മൃതസംസ്കാര ശുശ്രൂഷയില്‍ മുഖ്യകാര്‍മ്മികനാകും. ഫ്രാന്‍സിസ് പാപ്പ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »