India - 2024
സഭാശുശ്രൂഷകളിൽ അല്മായ പ്രസ്ഥാനങ്ങൾ സജീവ പങ്കാളികളാകണം: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
പ്രവാചകശബ്ദം 30-10-2024 - Wednesday
കാക്കനാട്: സഭാശുശ്രൂഷകളിൽ അല്മായരും അല്മായ പ്രസ്ഥാനങ്ങളും സജീവ പങ്കാളികളാകണമെന്ന് സീറോമലബാർസഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് പ്രസ്താവിച്ചു. സീറോമലബാർസഭയുടെ പുനഃസംഘടിപ്പിക്കപ്പെട്ട കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ പ്രഥമ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന്റെ ക്ഷേമത്തിനും കൂട്ടായ്‍മയ്ക്കും വേണ്ടി അല്മായ പ്രസ്ഥാനങ്ങൾ നിലകൊള്ളണമെന്ന് അല്മായ നേതാക്കളെ മാർ മഠത്തിക്കണ്ടത്തിൽ ഓർമ്മിപ്പിച്ചു.
പൊതുസമൂഹത്തിൽ ജീവനും ജീവിതവും പരിരക്ഷിക്കപ്പെടണമെന്നും മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരേ തീക്ഷ്ണതയോടെ പ്രതികരിക്കാനും കർമ്മപദ്ധതികൾ ആവിഷ്കരിക്കാനും മനുഷ്യമനഃസാക്ഷിയെ ഉണർത്താനും അല്മായ പ്രസ്ഥാനങ്ങൾക്കും നേതാക്കൾക്കും കഴിയണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ കമ്മീഷൻ എപ്പിസ്‌കോപ്പൽ അംഗം അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് അഭിപ്രായപ്പെട്ടു.
കമ്മീഷൻ ജനറൽ സെക്രട്ടറി റവ.ഡോ. ആൻ്റണി മൂലയിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ സി.ബി.സി.ഐ ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആമുഖ പ്രഭാഷണം നടത്തി. ഡയറക്ടർമാരായ റവ.ഡോ. ലോറൻസ് തൈക്കാട്ടിൽ, റവ.ഡോ. ഡെന്നി താണിക്കൽ, റവ. ഫാ. മാത്യു ഓലിക്കൽ, അല്മായ നേതാക്കളായ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, മാതൃവേദി ഗ്ലോബൽ പ്രസിഡണ്ട് ബീന ജോഷി, ജനറൽ സെക്രട്ടറി ആൻസി മാത്യു ചേന്നോത്ത്, കുടുംബ കൂട്ടായ്മ സെക്രട്ടറി ഡോ. ഡെയ്സൺ പാണേങ്ങാടൻ, പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് എന്നിവർ സഭയെയും അല്മായരെയും സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു. അല്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി കൃതജ്ഞതയർപ്പിച്ചു.