India - 2024

ആയിരങ്ങള്‍ ഒഴുകിയെത്തുന്നു; ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്കു ഇന്ന് യാത്രാമൊഴി

പ്രവാചകശബ്ദം 02-11-2024 - Saturday

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് ഇന്നു നാടിന്റെ യാത്രാമൊഴി. കബറടക്ക ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പുത്തൻകുരിശ് പാത്രിയാർക്കാ സെൻ്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ ആരംഭിക്കും. കോതമംഗലത്തുനിന്ന് വിലാപയാത്രയായി ഇന്നലെ രാത്രി ഒമ്പതോടെയാണ് ബാവയുടെ ഭൗതികദേഹം പുത്തൻകുരിശിലെത്തിച്ചത്. പൊതുദർശനത്തിനു വച്ച ബാവയുടെ ഭൗതികദേഹത്തിൽ അന്ത്യാഞ്ജലിയർപ്പിക്കാൻ സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പുത്തൻകുരിശിലേക്ക് ഒഴുകിയെത്തി.

രാത്രി വൈകിയും അന്തിമോപചാരമർപ്പിക്കാന്‍ നിരവധി പേരാണ് എത്തിച്ചേര്‍ന്നത്. കബറടക്ക ശുശ്രൂഷകളുടെ ആദ്യത്തെ രണ്ടു ഘട്ടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ കോതമംഗലം ചെറിയപള്ളിയിലും മുന്നാം ഘട്ടം വലിയപള്ളിയിലും ഇന്നലെ നടന്നു. തുടർന്നുള്ള പ്രാർത്ഥനാശുശ്രൂഷകളും അഖണ്ഡ പ്രാർത്ഥനകളും രാത്രിയിൽ പുത്തൻ കുരിശ് കത്തീഡ്രലിൽ തുടരുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന് ആരംഭിക്കുന്ന കബറടക്ക ശുശ്രൂഷകളുടെ എട്ടാമത്തെയും അവസാനത്തെയും ഘട്ടത്തിലെ പ്രാർത്ഥനാശുശ്രൂഷകൾക്ക് മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ് മുഖ്യകാർമികത്വം വഹിക്കും.

പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായി അമേരിക്കയിൽനിന്നുള്ള മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെയിൽനിന്നുള്ള മാർ അത്താനാസിയോസ് തോമസ് ഡേവിഡ് മെത്രാപ്പോലീത്തമാരും വിവിധ സഭകളിലെ മെത്രാന്മാരും കബറടക്ക ശുശ്രൂഷകളിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെടെ ഭരണ, രാഷ്ട്രീയ, സഭാ, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഇന്നു ശ്രേഷ്ഠബാവയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ പുത്തൻകുരിശിലെത്തും.

More Archives >>

Page 1 of 609