India

മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്

പ്രവാചകശബ്ദം 31-10-2024 - Thursday

ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പായി മാർ തോമസ് തറയിൽ ഇന്നു സ്ഥാനമേൽക്കും. ആർച്ച് ബിഷപ്പ്സ് ഹൗസിൽനിന്നു വിവിധ രൂപതാധ്യക്ഷന്മാരും വിശിഷ്ടാതിഥികളും സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ് ഹാളിൽ എത്തിച്ചേരും. അവിടെ നിന്നു ബിഷപ്പുമാർ തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി പ്രത്യേകം തയാറാക്കിയിരിക്കുന്ന പന്തലിലെ മദ്ബഹയിലെത്തും. 9.15ന് തിരുക്കർമങ്ങൾ ആരംഭിക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സ്വാഗതമാശംസിക്കും. ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി മാർ തോമസ് തറയിലിന്റെ നിയമനപത്രം വായിക്കും.

സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരിക്കും. പ്രഖ്യാപനത്തിനുശേഷം സ്ഥാനചിഹ്നങ്ങൾ അണിഞ്ഞ് മാർ തോമസ് തറ യിലിനെ മദ്ബഹയിൽ ഉപവിഷ്‌ടനാക്കും. ആദര സൂചകമായി ദേവാലയമണികൾ മു ഴക്കും. ആചാരവെടികളും ഉയരും. തുടർന്ന് ബിഷപ്പുമാർ നവ മെത്രാപ്പോലീത്തയ്ക്ക് അഭിനന്ദനം അറിയിക്കും. വൈദിക പ്രതിനിധികളായി 18 ഫൊറോന വികാരിമാർ മെത്രാപ്പോലീത്തയോട് വിധേയത്വം പ്രഖ്യാപിക്കും.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിൻ്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനമധ്യേ തിരുവനന്തപുരം ലത്തീൻ അതിരൂപതാധ്യക്ഷൻ ഡോ. തോമസ് ജെ. നെറ്റോ വചനസന്ദേശം നൽകും. വിശുദ്ധ കുർബാനയ്ക്കുശേഷം ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി സന്ദേശം നൽകും. മാർ തോമസ് തറയിലിനെ അനുമോദിക്കുന്നതിനും വിരമിക്കുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന് നന്ദി പ്രകാശനത്തിനുമായി 11.45നു പൊതുസമ്മേളനം നടക്കും. ഫാ. തോമസ് തൈക്കാട്ടുശേരിയും സംഘവും ആശംസാഗാനം ആലപിക്കും. ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയും നിയുക്ത കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടും ചേർന്ന് ദീപം തെളിക്കും. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ സ്വാഗതം ആശംസിക്കും.

More Archives >>

Page 1 of 608