News - 2024

പീഡിത ക്രൈസ്തവരെ അനുസ്മരിച്ച് നവംബർ 20ന് 'രക്തവർണ്ണ ബുധൻ' ആചരണം നടക്കും

പ്രവാചകശബ്ദം 08-11-2024 - Friday

ന്യൂയോര്‍ക്ക്: ലോകമെമ്പാടും ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി പീഡനം ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ അനുസ്മരിച്ച് നവംബർ 20-ന് 'റെഡ് വെനസ്ഡേ' അഥവാ 'രക്തവർണ്ണ ബുധന്‍' ആചരണം നടക്കും. പീഡിത ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ആഭിമുഖ്യത്തിലാണ് 'രക്തവർണ്ണ ബുധൻ' ആചരണം നടക്കുന്നത്. ലോകമാസകലമുള്ള ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും, മതസ്വാതന്ത്ര്യമെന്ന അടിസ്ഥാനാവകാശവും അനുസ്മരിക്കാനാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് ആവര്‍ത്തിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതിലധികം രാജ്യങ്ങളിലായി ഒരുക്കിയിട്ടുള്ള മൂന്നൂറോളം ചടങ്ങുകളിലൂടെ, ആഗോള ക്രൈസ്തവർ നേരിടുന്ന പീഡനങ്ങള്‍ അനുസ്മരിക്കും. രക്തവർണ്ണബുധൻ എന്ന പേരിൽ നവംബർ 20-ന് സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ചടങ്ങുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, നൂറിലധികം നഗരങ്ങളിലായിരിക്കും നടത്തപ്പെടുക. ക്രൈസ്തവർ നേരിടുന്ന പീഡനങ്ങള്‍ അനുസ്മരിക്കാനായി വിവിധയിടങ്ങളിൽ ദേവാലയങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയവയുടെ പുറത്ത് ചുവപ്പ് നിറമുള്ള ലൈറ്റുകൾ പ്രകാശിതമാക്കുന്നുണ്ട്.

വിവിധങ്ങളായ സായാഹ്ന പ്രാര്‍ത്ഥനങ്ങളും, സമ്മേളനങ്ങളും, എക്സിബിഷനുകളും ഇതേ ദിവസം നടക്കും. ആചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ "രക്തവർണ്ണവാരം" എന്ന പരിപാടിയും നടക്കുന്നുണ്ട്. രക്തവർണ്ണബുധന്റെ ഭാഗമായി, ലോകത്ത് കൂടുതൽ മതപീഡനങ്ങൾ നിലനിൽക്കുന്ന പതിനെട്ട് രാജ്യങ്ങളിൽനിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ, "പീഡിതരും വിസ്‌മൃതിയിലാക്കപ്പെട്ടവരും" എന്ന പേരിലുള്ള റിപ്പോര്‍ട്ട് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് (ACN) പുറത്തുവിടും. ഓസ്ട്രേലിയ, കാനഡ, ഇംഗ്ലണ്ട്, അയർലണ്ട് തുടങ്ങിയ രാജ്യങ്ങളിലായിരിക്കും പ്രധാനമായും ചടങ്ങുകൾ നടക്കുക.

More Archives >>

Page 1 of 1019