India - 2024

മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാർ റാഫേൽ തട്ടിൽ നിരാഹാര സമരപ്പന്തലിലെത്തി

പ്രവാചകശബ്ദം 10-11-2024 - Sunday

കാക്കനാട്: മുനമ്പം നിവാസികളുടെ നിലവിളി കേൾക്കാൻ ഭരണകൂടങ്ങൾ തയാറാകണമെന്നു സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കുടിയിറക്കുഭീഷണിയുടെ ആശങ്കയിൽ കഴിയുന്ന മുനമ്പത്തെ ജനങ്ങളെ നിരാഹാരസമര പന്തലിൽ സന്ദർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട മനുഷ്യരുടെ കണ്ണുനീർ വീഴാൻ കാരണമാകുന്നവർക്ക് സമൂഹം മാപ്പു നല്കില്ലെന്നും ഈ സഹനസമരം ലക്‌ഷ്യം കാണുന്നതുവരെ സഹായാത്രികരായി സീറോമലബാർസഭ കൂടെയുണ്ടാകുമെന്നും മേജർ ആർച്ചുബിഷപ്പ് പറഞ്ഞു.

സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശത്തിനായി പൊരുതുന്ന മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം ഒരു പ്രദേശത്തിന്‍റെ മാത്രം പ്രശ്നമല്ല, കേരളത്തിന്‍റെയാകെ പ്രശ്നമാണ്. ജനാധിപത്യം ജനങ്ങളെ പരിപാലിക്കുന്ന സംവിധാനമാകണം; ജനങ്ങളെ ദ്രോഹിക്കുന്ന സംവിധാനമാകരുത്. ജനങ്ങൾ മത-രാഷ്ട്രീയ വ്യത്യാസം കൂടാതെ ഏകോദരസഹോദരങ്ങളായി ജീവിക്കാൻ അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുകയാണ് രാജ്യത്തെ ജനപ്രതിനിധികളും നിയമനിർമാണ സഭയുമെല്ലാം ചെയ്യേണ്ടത്.

വിനോദയാത്രയ്ക്കെത്തുന്നവർക്കു കടൽത്തീരം കൗതുകക്കാഴ്ചകളാകാം. എന്നാൽ, സ്ഥിരമായി തീരങ്ങളിൽ താമസിക്കുന്നവർ പലവിധ പ്രതിസന്ധികളിലൂടെയും കണ്ണീരിലൂടെയുമാണു കടന്നുപോകുന്നത് എന്ന യാഥാർഥ്യം അധികാരികളും പൊതുസമൂഹവും തിരിച്ചറിയണം. കടലിന്‍റെ അലിവും കരുണയും, കഠിനമായി അധ്വാനിച്ചു വിയർപ്പൊഴുക്കി സംരക്ഷിക്കുന്ന ഉപജീവനമാർഗവുമൊക്കെയാണ് തീരദേശ ജനതയെ ഇവിടെ നിലനിർത്തുന്നത്. കടലുമായി തീരജനതയ്ക്ക് ആത്മബന്ധമാണുള്ളത്. അതു രക്തബന്ധം പോലെ ദൃഢമാണ്. അതുകൊണ്ടുതന്നെ തീരത്തുള്ളവരെ ഇറക്കിവിടുന്ന എന്തെങ്കിലും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതു മനുഷ്യത്വരഹിതവും ജനാധിപത്യവിരുദ്ധവുമായ നടപടിയാണ്.

വഖഫ് നിയമത്തിന്‍റെ പരിധിയിൽ മുനമ്പം പ്രദേശവുമകപ്പെട്ടിട്ടുണ്ടെന്നു അടുത്തകാലത്താണ് നമ്മൾ അറിയുന്നത്. ഇനി ഏതെല്ലാം പ്രദേശങ്ങൾ വരുമെന്ന് നമുക്ക് അറിഞ്ഞുകൂടാ. ഈ നാട്ടിൽ വർഷങ്ങളായി ജീവിച്ചിരുന്ന ജനം സുതാര്യമല്ലാത്തൊരു നിയമത്തിന്‍റെ പേരിൽ കുടിയിറക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത് ജനാധിപത്യത്തിനു കളങ്കമാണ്. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകരുത്. സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഇടപെടണമെന്നും കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം നിവാസികളുടെ ആശങ്കകൾക്കു മനുഷ്യത്വപരവും നിയമപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

സമരപ്പന്തലിലെത്തിയ മാർ റാഫേൽ തട്ടിലിനെ കോട്ടപ്പുറം രൂപതാ വികാരി ജനറൽ റവ.ഫാ. റോക്കി റോബി കളത്തിൽ, മുനമ്പം വേളാങ്കണ്ണിമാതാ പള്ളി വികാരി റവ. ഫാ. ആന്റണി തറയിൽ, സമരപ്പന്തലിൽ നിരാഹാരമിരിക്കുന്നവർ എന്നിവർ ചേർന്നു സ്വീകരിച്ചു. സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയത്തിൽനിന്നു വൈദീകരും സന്യാസിനിമാരും കത്തോലിക്ക കോൺഗ്രസ് നേതാക്കളും മേജർ ആര്‍ച്ച് ബിഷപ്പിനൊപ്പം മുനമ്പത്തെ സമരപ്പന്തലിലെത്തിയിരുന്നു.

More Archives >>

Page 1 of 610