News

അന്ത്യ അത്താഴത്തെ കേന്ദ്രമാക്കിയുള്ള ‘ദി ചോസണ്‍’ സീസൺ 5 തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 26-11-2024 - Tuesday

ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിൻ്റെ പരസ്യജീവിതത്തെ കേന്ദ്രമാക്കിയുള്ള ഹിറ്റ് സീരീസായ ദി ചോസണിൻ്റെ 'അന്ത്യ അത്താഴ' ഭാഗത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സീസൺ 5 ൻ്റെ ചിത്രീകരണം ഔദ്യോഗികമായി അവസാനിച്ചതായും പ്രൊഡക്ഷൻ ടീം എഡിറ്റിംഗ് ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും ചോസണ്‍ ടീം പറയുന്നു. 2025-ന്റെ തുടക്കത്തിൽ റിലീസ് ഉണ്ടാകുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. ദി ചോസണിലെ അഭിനേതാക്കൾ അന്ത്യ അത്താഴ ചിത്രീകരണത്തിനായി ഒരു നീണ്ട മേശയ്ക്ക് ചുറ്റും ഒത്തുകൂടുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളുമായി ഷൂട്ടിംഗിന്റെ ദൃശ്യങ്ങള്‍ ചോസണ്‍ ടീം നേരത്തെ പുറത്തുവിട്ടിരിന്നു.

ദി ചോസണിൻ്റെ സീസൺ 5-ൻ്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, അത് 2025 വസന്തകാലത്ത് പുറത്തിറക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ സീസണുകൾക്കു സമാനമാണെങ്കില്‍ എട്ട് എപ്പിസോഡുകളും ഉൾക്കൊള്ളുന്ന വിധത്തില്‍ വിവിധ തവണകളായിട്ടായിരിക്കും സീരീസ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. പൊതുജനങ്ങളില്‍ നിന്നും ധനസമാഹരണം നടത്തി (ക്രൌഡ് ഫണ്ടിംഗ്) നിര്‍മ്മിച്ച ദി ചോസണ്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ടിട്ടുള്ള പരമ്പരകളില്‍ ഒന്നാണ്.

ഏതാണ്ട് 60 കോടി ആളുകളാണ് ഈ പരമ്പരയ്ക്കു പ്രേക്ഷകരായിട്ടുള്ളത്. ലോക ചരിത്രത്തില്‍ ഏറ്റവുമധികം തര്‍ജ്ജമ ചെയ്യപ്പെട്ട പരമ്പര എന്ന പദവിക്ക് അരികിലാണ് ‘ദി ചോസണ്‍’ ഇപ്പോള്‍. അറുനൂറിലധികം ഭാഷകളില്‍ സീരീസ് എത്തിക്കുവാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചോസണ്‍ സീരീസിന്റെ സബ്ടൈറ്റില്‍ മലയാളത്തിലും പുറത്തിറക്കിയിരിന്നു. ആദ്യത്തെ മൂന്നു സീരീസിന്റെ മലയാളം സബ്ടൈറ്റിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. നാലാമത്തെ സീരീസിന്റെ സബ്ടൈറ്റില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.


Related Articles »