News - 2024
‘ദി ചോസണ്‍’ നടന്‍ ജോനാഥന്‍ റൂമി സ്പോണ്‍സര്‍ ചെയ്ത ആഫ്രിക്കന്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തി
പ്രവാചകശബ്ദം 28-12-2024 - Saturday
വാഷിംഗ്ടണ്‍ ഡി.സി: ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശുവിന്റെ വേഷം കൈകാര്യം ചെയ്തുകൊണ്ട് ജനകോടികളുടെ ഹൃദയം കീഴടക്കിയ ജോനാഥന്‍ റൂമി സ്വന്തം ജീവിതത്തിലും യേശുവിന്റെ പാതയില്‍. പാവപ്പെട്ട ക്രൈസ്തവരായ കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ സഹായിക്കുന്ന ‘അണ്‍ബൗണ്ട്’ എന്ന കാത്തലിക് ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് സന്നദ്ധ സംഘടനയുടെ ശ്രമങ്ങളില്‍ പങ്കാളിയായികൊണ്ട് കഴിഞ്ഞ ഒരുവര്‍ഷമായി താന്‍ സ്പോണ്‍സര്‍ ചെയ്തുവരുന്ന റുവാണ്ടയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നുമുള്ള കുട്ടികളുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ച ഹൃദയസ്പര്‍ശിയായി.
കത്തുകളിലൂടെയും, ഓണ്‍ലൈനിലൂടേയും പരസ്പരം സംസാരിക്കാറുണ്ടായിരുന്നുവെങ്കിലും ഒരു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇവര്‍ നേരിട്ട് കാണുന്നത്. 'അണ്‍ബൗണ്ട്' പിന്തുണക്കുന്ന പാവപ്പെട്ട കുട്ടികളുടെ എണ്ണം പത്തുലക്ഷം ഇതിനോടകം തികഞ്ഞിട്ടുണ്ട്. കൂടിക്കാഴ്ച വാക്കുകളാല്‍ വിവരിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു അണ്‍ബൗണ്ട് പുറത്തുവിട്ട ഒരു വീഡിയോയില്‍ റൂമി പറയുന്നുണ്ട്. ഫോട്ടോകളിലൂടെയും കത്തുകളിലൂടേയും കൂടിക്കാഴ്ചയേക്കുറിച്ച് കാഴ്ചപ്പാട് ഉണ്ടാകുമെന്നും അതിന് ശേഷമാണ് കൂടിക്കാഴ്ചയെന്നും റൂമി പറയുന്നു. സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ പറ്റിയ ഒരു സന്നദ്ധ സംഘടനയെ കുറിച്ചുള്ള അന്വേഷണമാണ് റൂമിയെ അണ്‍ബൗണ്ടില്‍ എത്തിച്ചത്.
“കുട്ടികളുടേത് പോലെ അത്ഭുതകരവും, മനോഹരവും, ജീവദായകവുമായ ബന്ധം” എന്നാണ് അണ്‍ബൗണ്ടുമായുള്ള ബന്ധത്തെക്കുറിച്ച് റൂമി പറഞ്ഞത്. ന്യൂയോര്‍ക്കിലേക്ക് ചേക്കേറിയപ്പോള്‍ ലോകമെമ്പാടുമുള്ള ആളുകള്‍ അനുഭവിക്കുന്ന ദാരിദ്ര്യത്തേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്ന് സമ്മതിച്ച റൂമി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ ആദ്യമായി സെനഗല്‍ സന്ദര്‍ശിച്ചപ്പോഴാണ് ആളുകളുടെ ദാരിദ്ര്യത്തേക്കുറിച്ച് അറിഞ്ഞതെന്നും കൂട്ടിച്ചേര്‍ത്തു. സഹായങ്ങള്‍ ആവശ്യമുള്ളവരിലേക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1981-ല്‍ സ്ഥാപിതമായ കത്തോലിക്കാ സന്നദ്ധ സംഘടനയാണ് “അണ്‍ബൗണ്ട്”. ആയിരക്കണക്കിനു സ്പോണ്‍സര്‍മാരിലൂടെ ലഭിക്കുന്ന സഹായങ്ങള്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള പാവപ്പെട്ടവര്‍ക്ക് വ്യക്തിപരമായി വിതരണം ചെയ്തുവരികയാണ് സംഘടന.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟