India - 2024
ജോസഫ് മാർ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ പുതിയ അധ്യക്ഷൻ
പ്രവാചകശബ്ദം 09-12-2024 - Monday
കൊച്ചി: ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത യാക്കോബായ സഭയുടെ കാതോലിക്കാ ബാവയാകും. സഭാധ്യക്ഷനായിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്‌തതിനെത്തുടർന്നാണു നിയമനം. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസ് പ്രസിഡൻ്റായ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയെ കാതോലിക്കാബാവയായി വൈകാതെ വാഴിക്കുമെന്ന് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാര്‍ക്കീസ് ബാവ പ്രഖ്യാപിച്ചു.
ശാരീരിക അവശതകളെത്തുടർന്നു ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു സഭയുടെ ഭരണപരമായ ചുമതലകൾ മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി, യാക്കോബായ സഭ മലങ്കര മെത്രാപ്പൊലീത്ത എന്നീ നിലകളിൽ ജോസഫ് മാർ ഗ്രിഗോറിയോസ് വഹിച്ചു വരികയായിരുന്നു. ശ്രേഷ്ഠ ബാവായുടെ വിൽപത്രത്തിലും തൻ്റെ പിൻഗാമിയായി ജോസഫ് മാർ ഗ്രിഗോറിയോസ് വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
മലേക്കുരിശ് ദയറാ കത്തീഡ്രലിൽ ഇന്നലെ വിശുദ്ധ കുർബാനമധ്യേയാണു പാത്രിയാർക്കീസ് ബാവ പ്രഖ്യാപനം നടത്തിയത്. പുതിയ സാഹചര്യത്തിൽ അദ്ദേഹം ഏറ്റെടുക്കാൻ പോകുന്ന ചുമതല ദുഷ്‌കരമായതും വളരെ ഭാരമേറിയതുമാണെന്നു വ്യക്തമാക്കിയ പാത്രിയർക്കീസ് ബാവ, സഭാമക്കളുടെ പ്രാർത്ഥനയും പിന്തുണയും കൊണ്ട് അദ്ദേഹത്തിന് സഭയെ മുന്നോട്ടുനയിക്കാൻ കഴിയുമെന്നും പറഞ്ഞു. ഭിന്നിച്ചുനിൽക്കുന്ന സഭയിൽ ശാശ്വതമായ സമാധാനത്തിനുവേണ്ടിയാണ് താൻ മുൻകൈയെടുത്തു നേരത്തേ കമ്മിറ്റിയെ നിയോഗിച്ചത്. പ്രശ്നം പരിഹരിക്കാൻ സർക്കാരും ഇതര സഭാ നേതൃത്വങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. രണ്ടു സഭകളിലെയും വിശ്വാസികളും സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും പാത്രിയാർക്കീസ് ബാവ പറഞ്ഞു.