News

ഫ്രാൻസിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് 55 വർഷം

പ്രവാചകശബ്ദം 14-12-2024 - Saturday

വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പ തിരുപ്പട്ടം സ്വീകരിച്ചിട്ട് ഇന്നലെ ഡിസംബര്‍ പതിമൂന്നാം തീയതി 55 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. പത്തൊന്‍പതാത്തെ വയസിൽ ബെർഗോഗ്ലിയോ എന്ന യുവാവ് കുമ്പസാര കൂദാശയിൽ അനുഭവിച്ച ദൈവീക സാന്നിധ്യമാണ് പിന്നീട് തന്നിലെ ദൈവവിളി തിരിച്ചറിയുവാൻ ഇടയാക്കിയത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനിച്ച ജോര്‍ജ് മരിയോ ബെർഗോളിയോ (ഇന്ന്‍ ഫ്രാന്‍സിസ് പാപ്പ) രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ശേഷം 1958 മാര്‍ച്ച് 11-ാം തീയതിയാണ് ജസ്യൂട്ട് സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചത്.

തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിച്ച ശേഷം 1964 മുതൽ വിവിധ കോളജുകളിൽ സാഹിത്യവും മനഃശാസ്ത്രവും പഠിപ്പിക്കുകയും ചെയ്തു. 1969 ഡിസംബർ പതിമൂന്നാം തീയതി കോർഡോബായിലെ മെത്രാപ്പോലീത്തയായിരുന്ന മോൺസിഞ്ഞോർ രാമോൻ ഹോസെയുടെ കൈവയ്പു ശുശ്രൂഷയാലാണ് ബെർഗോഗ്ലിയോ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. അന്ന് അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചപ്പോള്‍ അതിന് സാക്ഷികളായവരോ അദ്ദേഹം പോലുമോ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരിന്നില്ലായെന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം.

1973-ല്‍ അര്‍ജന്റീനയിലെ ജെസ്യൂട്ട് സമൂഹത്തിന്റെ പ്രോവിന്‍ഷ്യാള്‍ സുപ്പീരിയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും 1992-ല്‍ ബ്യൂണസ് അയേഴ്സ് ഓക്സിലറി ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴും അദ്ദേഹം തന്റെ എളിമയും കരുണയും ജീവിതത്തിന്റെ പ്രകടമായ സാക്ഷ്യമാക്കി മാറ്റി. തന്റെ ദൈവവിളിയെ, വിശുദ്ധ മത്തായിയുടെ ദൈവവിളിയോടാണ് ഫ്രാൻസിസ് പാപ്പ സാമ്യപ്പെടുത്തി സംസാരിച്ചിരുന്നത്. പാപിയായ തന്നെ, ദൈവം തന്റെ വിരൽ നീട്ടി കൃപ തന്നതിന്റെ ഫലമാണ് തന്റെ ജീവിതം വൈദികവൃത്തിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതെന്നു ഫ്രാൻസിസ് പാപ്പ വിവിധ സമയങ്ങളില്‍ നല്‍കിയ അഭിമുഖ സംഭാഷണങ്ങളിൽ പലപ്പോഴും സൂചിപ്പിച്ചിരുന്നു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »