News - 2025

ചേര്‍ത്തു പിടിച്ചതിന് നന്ദി; പൊന്തിഫിക്കല്‍ സംഘടനക്ക് നന്ദിയര്‍പ്പിച്ച് യുക്രൈന്‍ സഭ

പ്രവാചകശബ്ദം 30-12-2024 - Monday

ലിവിവ്: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി റഷ്യ നടത്തുന്ന അധിനിവേശ ആക്രമണങ്ങള്‍ക്കിടെ യുദ്ധത്താല്‍ കഷ്ടപ്പെടുന്ന യുക്രൈന്‍ ജനതക്ക് നല്‍കിയ സഹായങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ച് രാജ്യത്തെ സഭാനേതൃത്വം. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ന് (എ.സി.എന്‍) നന്ദി അറിയിച്ചാണ് സഭ രംഗത്ത് വന്നിരിക്കുന്നത്. യുക്രൈനിലെ മനുഷ്യ ജീവനുകളെ രക്ഷിക്കുന്നതിന് സഹായിച്ചതിന് നന്ദി അര്‍പ്പിക്കുകയാണെന്ന് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭാതലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് എ.സി.എന്നിനയച്ച ക്രിസ്തുമസ് സന്ദേശത്തില്‍ പറയുന്നു.

ലിവിവ് റോമന്‍ കത്തോലിക്ക അതിരൂപതാ മെത്രാപ്പോലീത്ത മിയസിസ്ലോ മോക്രസിക്കിയും എ.സി.എന്നിനു നന്ദി അറിയിച്ചു. യുദ്ധക്കാലത്ത് തങ്ങളെ എസിഎന്‍ വഴി സഹായിച്ച എല്ലാ ഉദാരമനസ്കരോടും താന്‍ നന്ദിയുള്ളവനാണെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഈ ദുരിതകാലത്ത് തങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടുന്ന വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടിയും, യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്കുന്നതിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഒമ്പതു വര്‍ഷക്കാലം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റേയും, മൂന്ന് വര്‍ഷത്തോളം ബെനഡിക്ട് പതിനാറാമന്റേയും പെഴ്സണല്‍ സെക്രട്ടറിയായിരുന്നു ആര്‍ച്ച് ബിഷപ്പ് മോക്രസിക്കി.

യുവജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി നല്‍കിയ സഹായങ്ങളുടെ പേരില്‍ ലിവിവ് അതിരൂപതാ സഹായ മെത്രാന്‍ എഡ്വാര്‍ഡ് കാവായും പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനക്ക് നന്ദി അറിയിച്ചു. യുക്രൈനിന്‍റെ പടിഞ്ഞാറും കിഴക്കുമുള്ള രൂപതകൾക്കും കേന്ദ്രങ്ങള്‍ക്കുമായി എസിഎൻ 1.3 ദശലക്ഷം യൂറോയുടെ ആദ്യ പാക്കേജ് 2022-ല്‍ പ്രഖ്യാപിച്ചിരിന്നു. രണ്ടാം ഘട്ടത്തിൽ, സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരങ്ങളെ ഭൗതികവും ആത്മീയവുമായ തലത്തില്‍ സഹായിക്കുകയും പരിചരിക്കുകയും ചെയ്യുന്ന വൈദികര്‍, സെമിനാരികൾ, സന്യാസ ഭവനങ്ങള്‍ എന്നിവയ്ക്കായി 6,87,180 യൂറോയും നല്‍കി. ഇത്തരത്തില്‍ നിരവധി തവണയാണ് സംഘടന യുക്രൈന്‍ ജനതയ്ക്കു സഹായമെത്തിച്ചത്.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »