News - 2025

നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക സന്യാസിനികള്‍ക്കു മോചനം

പ്രവാചകശബ്ദം 14-01-2025 - Tuesday

അനംബ്ര: തെക്കു കിഴക്കൻ നൈജീരിയയിലെ അനംബ്ര സ്റ്റേറ്റില്‍ നിന്ന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് കത്തോലിക്ക സന്യാസിനികളും മോചിതരായി. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) സന്യാസ സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരാണ് ദിവസങ്ങള്‍ക്ക് ശേഷം മോചിതരായിരിക്കുന്നത്. സിസ്റ്റര്‍മാരുടെ മോചനത്തില്‍ അതീവ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി അര്‍പ്പിക്കുകയാണെന്നും ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി മദർ ഓഫ് ക്രൈസ്റ്റ് സിസ്റ്റേഴ്‌സ് (IHM) പ്രസ്താവിച്ചു.

തങ്ങളുടെ പ്രിയ സഹോദരിമാരായ വിൻസെൻഷ്യ മരിയയും ഗ്രേസ് മാരിയറ്റും നിരുപാധികം മോചിതരാകുകയും നല്ല ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുന്നുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രസ്താവനയുടെ ആമുഖത്തില്‍ പറയുന്നു. ദുഷ്‌കരമായതും അനിശ്ചിതതത്വം നിറഞ്ഞതുമായ ഈ ദിവസങ്ങളിൽ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും ദൈവത്തിനും എല്ലാവർക്കും നന്ദി പറയുകയാണെന്നും സന്യാസ സമൂഹത്തിന്റെ സെക്രട്ടറി ജനറല്‍ സിസ്റ്റര്‍ മരിയ സൊലീന അറിയിച്ചു.

ജനുവരി 7 ചൊവ്വാഴ്ച വൈകുന്നേരമാണ് ഉഫുമയിലെ ആർച്ച് ബിഷപ്പ് ചാൾസ് ഹീറി മെമ്മോറിയൽ മോഡൽ സെക്കൻഡറി സ്കൂളിൻ്റെ പ്രിൻസിപ്പൽ കൂടിയായ സിസ്റ്റര്‍ വിൻസെൻഷ്യ മരിയ, നെവിയിലെ ഇമ്മാക്കുലേറ്റ് ഗേൾസ് മോഡൽ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിസ്റ്റര്‍ ഗ്രേസ് മാരിയറ്റ് ഒകോലി എന്നിവരെ സായുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. അതേസമയം ഇവരുടെ മോചനത്തിന് മോചനദ്രവ്യം നല്‍കിയോയെന്ന കാര്യം വ്യക്തമല്ല. വൈദികരും സന്യസ്തരും ഉള്‍പ്പെടെ ക്രൈസ്തവര്‍ വിവിധങ്ങളായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന രാജ്യമാണ് നൈജീരിയ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?



Related Articles »