News - 2025

സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫീസര്‍ പദവിയില്‍ ആദ്യമായി കന്യാസ്ത്രീ

പ്രവാചകശബ്ദം 15-02-2025 - Saturday

മറയൂർ: മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറായി ഇനിയുണ്ടാവുക ഡോ. സി. ജീൻ റോസ് എസ് ഡി. കേരളത്തിൽ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി സേവനം ചെയ്യുന്ന ആദ്യ സന്യാസിനി എന്ന ഖ്യാതിയോടെയാണ് അഗതികളുടെ സന്യാസിനീ സമൂഹാംഗമായ (സിസ്റ്റേഴ്‌സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട്) സി. ജീൻ മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചുമതലയേറ്റിരിക്കുന്നത്.

പിഎസ്‌സി എഴുതി സർക്കാർ സർവീസിൽ കയറിയ സി. ജീൻ ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നത് കട്ടപ്പന താലൂക്ക് ആശുപത്രിയിലായിരിന്നു. അതിനു മുമ്പ് മറയൂരിൽ സഭയുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ പത്തുവർഷക്കാലം സേവനമനുഷ്ഠിച്ചിരുന്നു. നിരവധി ഗോത്രവർഗക്കാരും ആദിവാസി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന മറയൂർ മേഖലയിൽ അവർക്കുവേണ്ടി സേവനം ചെയ്യാനുള്ള അവസരം ചോദിച്ചു വാങ്ങുകയായിരുന്നു ഡോ. സി. ജീൻ റോസ്.

പാലാ ചേറ്റുതോട്‌ മുകളേൽ തോമസിന്റെയും റോസമ്മയുടെയും മകളാണ് സി. ജീൻ. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജിൽ നിന്നായിരിന്നു എംബിബിഎസും അനസ്തേഷ്യയിൽ ഉപരിപഠനവും പൂർത്തിയാക്കിയത്.


Related Articles »