News - 2025
ചികിത്സ തുടരുന്നു; ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍
പ്രവാചകശബ്ദം 16-02-2025 - Sunday
വത്തിക്കാന്‍ സിറ്റി: റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ ശ്വാസകോശനാളത്തിൽ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നു ചികിത്സ തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് വത്തിക്കാന്‍. മാര്‍പാപ്പ നല്ല മാനസികാവസ്ഥയിൽ പ്രശാന്തതയോടെയിരിക്കുന്നുവെന്നും ചില പത്രങ്ങളൊക്കെ വായിച്ചുവെന്നും പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആദ്യ ദിവസം പനി ബാധിച്ചെങ്കിലും പിന്നീട് പനിയുണ്ടായിട്ടില്ലായെന്ന് വത്തിക്കാന്‍ അറിയിച്ചു. അതേസമയം മാര്‍പാപ്പയ്ക്ക് സുഖപ്രാപ്തി നേർന്നുകൊണ്ടുള്ള ആശംസാസന്ദേശങ്ങൾ വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്.
88 വയസ്സു പ്രായമുള്ള പാപ്പ ഏതാനും ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം പൊതു പരിപാടികളിൽവെച്ച് പാപ്പ തന്നെ അതു വെളിപ്പെടുത്തി. ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുള്ളതിനാൽ പ്രഭാഷണം വായിക്കാൻ പകരക്കാരനെ ചുമതലപ്പെടുത്തിയതും ഈ അടുത്ത ദിവസങ്ങളിലാണ്. പതിനാലാം തീയതി വെള്ളിയാഴ്ചത്തെ (14/02/25) കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കു ശേഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പാപ്പയെ ജെമല്ലി ആശുപത്രിയില്‍ പ്രവേശിക്കുകയായിരിന്നു. 2021 ജൂലൈ 4ന് വൻകുടൽ ശസ്ത്രക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും ഇതേ വര്‍ഷം തന്നെ ജൂണിൽ ഉദര ശസ്ത്രക്രിയയ്ക്കായും പാപ്പ ജെമല്ലി ആശുപത്രിയിൽ അഡ്മിറ്റായിരിന്നു.
![](/images/close.png)