News - 2025
ഫ്രാന്‍സിസ് പാപ്പയ്ക്കു കടുത്ത ന്യൂമോണിയ; ആരോഗ്യ സ്ഥിതി അല്പം സങ്കീർണ്ണമെന്ന് വത്തിക്കാന്‍
പ്രവാചകശബ്ദം 19-02-2025 - Wednesday
വത്തിക്കാൻ സിറ്റി: ഇന്നലെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകളില്‍ ഫ്രാൻസിസ് പാപ്പയ്ക്ക് കടുത്ത ന്യൂമോണിയ ബാധിച്ചതായും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അല്പം സങ്കീർണ്ണമായ അവസ്ഥയിലാണെന്നും വത്തിക്കാന്‍. നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയിൽ കഴിയുകയാണ് പാപ്പ. പോളി മൈക്രോബിയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇന്നലെ നടത്തിയ ലബോറട്ടറി പരിശോധനകളും എക്സ്റേ, സ്കാൻ റിപ്പോർട്ടുകളും ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി അല്പം സങ്കീർണമായ സാഹചര്യമാണ് കാണിക്കുന്നതെന്ന് വത്തിക്കാന്‍ അറിയിച്ചു.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഞായറാഴ്ച വരെ ക്രമീകരിച്ചിരിന്ന മറ്റ് പരിപാടികളെല്ലാം വത്തിക്കാന്‍ റദ്ദാക്കി. റദ്ദ് ചെയ്ത പരിപാടികളില്‍ ഇന്ന് സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിവാര സദസും ഉള്‍പ്പെട്ടിട്ടുണ്ട്.
റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് പാപ്പയ്ക്കു ചികിത്സ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥനാശംസകൾ നേർന്നും, തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും വത്തിക്കാനിലേക്ക് അയയ്ക്കുന്നത് തുടരുകയാണ്. തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
