News
രക്തപരിശോധനയിൽ നേരിയ പുരോഗതി; ഫ്രാൻസിസ് പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്ന് ദശലക്ഷങ്ങള്‍
പ്രവാചകശബ്ദം 20-02-2025 - Thursday
വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധിച്ച് റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരുന്ന പരിശുദ്ധ പിതാവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പുതിയ വിവരം പുറത്തുവിട്ട് വത്തിക്കാന്‍. ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും രക്തപരിശോധനയിൽ നേരിയ പുരോഗതി കണ്ടെത്തിയതായി വത്തിക്കാന്‍ വ്യക്തമാക്കി. രക്തപരിശോധനയിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയെന്ന് മെഡിക്കൽ ടീം റിപ്പോർട്ട് ചെയ്തുവെന്നും, അണുബാധയുമായി ബന്ധപ്പെട്ട ഇൻഫ്ളമേഷൻ സൂചികയിൽ ചെറിയ കുറവുണ്ടായിട്ടുണ്ടെന്നും പ്രസ് ഓഫീസ് ഇന്നലെ ഫെബ്രുവരി 19 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട കുറിപ്പിൽ വ്യക്തമാക്കി.
പ്രഭാതഭക്ഷണത്തിന് ശേഷം പത്രം വായിച്ചുവെന്നും തന്റെ അടുത്ത സഹപ്രവർത്തകരുടെ സഹായത്തോടെ അനുദിനപ്രവർത്തനങ്ങളിൽ മുഴുകിയതായും ഉച്ചഭക്ഷണത്തിന് മുൻപ് പരിശുദ്ധപിതാവ് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജ്ജിയോ മെലോണി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തികച്ചും സ്വകാര്യ കൂടിക്കാഴ്ചയില്‍ ഇരുവരും ഇരുപത് മിനിറ്റോളം ഒരുമിച്ച് ചിലവഴിച്ചെന്നും പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.
സർക്കാരിന്റെയും ഇറ്റലിയുടെയും പേരിൽ പാപ്പായ്ക്ക് താൻ സൗഖ്യം നേർന്നുവെന്നും, അദ്ദേഹവുമായി താൻ പതിവുപോലെ നർമ്മസംഭാഷണത്തിലേർപ്പെട്ടുവെന്നും പ്രധാനമന്ത്രി അറിയിച്ചുവെന്നും ഇറ്റലിയുടെ ഗവണ്മെന്റ് ആസ്ഥാനവും പ്രധാനമന്ത്രിയുടെ ഔദ്യോഗികഭവനവുമായ കിജി പാലസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ സൗഖ്യത്തിനായി ലോകമെമ്പാടും പ്രാര്‍ത്ഥന ഉയരുകയാണ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
