News
സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04
ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍/ പ്രവാചകശബ്ദം 22-02-2025 - Saturday
ഈശോ കഫര്‍ണാമിലെ സിനഗോഗില്‍, ഈശോ ശിമയോന്റെ ഭവനത്തില്‍ തുടങ്ങീയ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ബീഡ്, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ഇരണേവൂസ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അംബ്രോസ്, വിശുദ്ധ അത്തനാസിയൂസ്, വിശുദ്ധ ജറോം, എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.
♦️ വചനഭാഗം: ഈശോ കഫര്‍ണാമിലെ സിനഗോഗില്‍ - മര്‍ക്കോസ് 1: 21-28 (ലൂക്കാ 4:31-37)
21 അവര്‍ കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. 22 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെപ്പോലെയാണ് അവന്‍ പഠിപ്പിച്ചത്. 23 അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. 24 അവന്‍ അലറി: നസറായനായ ഈശോയേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍. 25 ഈശോ അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. 26 അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. 27 എല്ലാവരും അത്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു: ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. 28 അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.
****************************************************************
➤ വിശുദ്ധ ബീഡ്:
മരണം ലോകത്തിലേക്കു പ്രവേശിച്ചത് സാത്താന്റെ അസൂയമൂലമായതിനാല്‍ (ഉത്പ 3,15) രക്ഷയുടെ ഔഷധം ആദ്യം അവനെതിരെ പ്രവര്‍ത്തിക്കുക ഉചിതമായിരുന്നു. രക്ഷകന്റെ സാന്നിധ്യം തന്നെ പിശാചുക്കള്‍ക്ക് പീഡയാകുന്നു (Exposition on the Gospel of Mark 1,1-25).
നാവിന് ശിക്ഷണം
സാത്താന്‍ തന്റെ നാവിനാല്‍ ഹവ്വയെ വഞ്ചിച്ചതുകൊണ്ട് മിശിഹാ തന്റെ നാവിനാല്‍ അവനെ ശിക്ഷിക്കുന്നു; അവന്‍ ഇനിമേലില്‍ സംസാരിക്കാന്‍ പാടില്ലെന്ന് കല്‍പ്പിക്കുന്നു ((Exposition on the Gospel of Mark 1.1-25).
➤ വിശുദ്ധ ആഗസ്തീനോസ്:
ഈശോമിശിഹാ വരുമെന്ന് അശുദ്ധാരൂപികള്‍ അറിഞ്ഞിരുന്നു. മാലാഖമാരില്‍നിന്നും പ്രവാചകന്‍മാരില്‍നിന്നും അവര്‍ ഇത് കേട്ടിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ ഇപ്രകാരം വിളിച്ചുപറഞ്ഞത്: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം - ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 4,34) (Tractates on John 7.6.2).
സാത്താന്റെയും പത്രോസിന്റെയും ഏറ്റുപറച്ചില്‍
''നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായാകുന്നു'' എന്ന് ഏറ്റുപറഞ്ഞപ്പോള്‍ പത്രോസ് പ്രശംസിക്കപ്പെടുകയും അനുഗൃഹീതനെന്ന് വിളിക്കപ്പെടുകയും ചെയ്തു. അധരംകൊണ്ട് ഏറ്റുപറഞ്ഞതുകൊണ്ടു മാത്രമല്ല, ഹൃദയംകൊണ്ട് സ്‌നേഹിച്ചതുകൊണ്ടുമാണ് അവന്‍ പ്രശംസനീയനായത്. പത്രോസിന്റെ ഏറ്റു പറച്ചിലിനെ പിശാചുക്കളുടെ വാക്കുകളുമായി താരതമ്യം ചെയ്താല്‍ രണ്ടും ഏറെക്കുറെ തുല്യമാണെന്ന് കാണാം. എങ്കിലും വ്യത്യാസമുണ്ട്. പത്രോസ് സ്‌നേഹത്താല്‍ പ്രചോദിതനായി ഏററുപറഞ്ഞു. പിശാചുക്കളാകട്ടെ ഭയത്താല്‍ പ്രേരിതരായാണ് ഏറ്റുപറഞ്ഞത്. പിശാചുക്കളും ഭയന്നുവിറച്ച് വിശ്വാസം ഏററുപറയുന്നുവെങ്കില്‍ യഥാര്‍ത്ഥ വിശ്വാസത്തെ എങ്ങനെ തിരിച്ചറിയും? സ്‌നേഹത്താല്‍ പ്രവര്‍ത്തനനിരതമാകുന്ന വിശ്വാസം മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം (Sermons on New Testament Lessons 40.8).
സ്‌നേഹരഹിതമായ അറിവ്
പിശാചുക്കള്‍ വന്‍കാര്യങ്ങള്‍ അറിഞ്ഞിരുന്നു; പക്ഷേ, അവയ്ക്ക് സ്‌നേഹം അല്‍പ്പംപോലും ഉണ്ടായിരുന്നില്ല. അവ ഈശോയില്‍ നിന്നുള്ള ശിക്ഷയെ ഭയപ്പെട്ടു. അവനിലുള്ള നീതിയെ (ധര്‍മ്മനിഷ്ഠയെ- righteousness) അവ സ്‌നേഹിച്ചില്ല. താനാഗ്രഹിച്ചിടത്തോളം അവന്‍ തന്നെത്തന്നെ അവയ്ക്കു മനസ്സിലാക്കിക്കൊടുത്തു. എന്നാല്‍ നിത്യതയില്‍ പങ്കാളിത്തം നല്‍കപ്പെട്ട മാലാഖമാര്‍ക്കു വെളിപ്പെടുത്തിയത്രയും അവയ്ക്കു വെളിപ്പെടുത്തപ്പെട്ടില്ല.
നിത്യയാഥാര്‍ത്ഥ്യവും യഥാര്‍ത്ഥത്തില്‍ നിത്യവുമായ തന്റെ രാജ്യത്തിനും അതിന്റെ മഹിമയ്ക്കുംവേണ്ടി മുന്‍കൂട്ടി തിരഞ്ഞെടുക്കപ്പെട്ടവരെ പിശാചുക്കളുടെ അധീനതയില്‍നിന്നു മോചിപ്പിക്കത്തക്കവിധത്തില്‍ അവയില്‍ ഭയമുളവാക്കുമാറ് അവന്‍ തന്നെ ത്തന്നെ അവയ്ക്കു വെളിവാക്കി. അതായത് അവന്‍ പിശാചുക്കള്‍ക്ക് നിത്യജീവനായോ അചഞ്ചല പ്രകാശമായോ വെളിപ്പെടുത്തിയില്ല. മനുഷ്യന്റെ ദുര്‍ബലമായ ഗ്രഹണശക്തിക്കെന്നതിനേക്കാള്‍ കൊടിയ ദുഷ്ടാരൂപികളുടെ സംവേദനശക്തിക്ക് ഗ്രഹിക്കാന്‍ കഴിയുന്നവിധത്തില്‍, തന്റെ അദൃശ്യസാന്നിധ്യത്തിന്റെ അടയാളമെന്ന നിലയില്‍, ഭൗതികമായ പ്രഹരങ്ങളേല്‍പ്പിച്ചു (City of God 9,21).
സ്‌നേഹരഹിതമായ ഏറ്റുപറച്ചില്‍
വിശ്വാസത്തിന് ശക്തിയുണ്ടെങ്കിലും സ്‌നേഹത്തോടെയുള്ളതല്ലെങ്കില്‍ അത് നിഷ്ഫലമാണ്. പിശാചുക്കള്‍ മിശിഹായെ ഏറ്റുപറഞ്ഞെങ്കിലും സ്‌നേഹമില്ലാതിരുന്നതിനാല്‍ അവര്‍ക്ക് അത് പ്രയോജനപ്പെട്ടില്ല. അവര്‍ പറ ഞ്ഞു: ''ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്''? വിശ്വാസത്തിന്റേത് എന്ന് ഒരു രീതിയില്‍ കരുതാവുന്ന ഏറ്റുപറച്ചില്‍ അവ നടത്തിയെങ്കിലും അത് സ്‌നേഹരഹിതമായിരുന്നു. അതിനാല്‍ അവര്‍ പിശാചുക്കള്‍ എന്ന് വിളിക്കപ്പെടുന്നു. പിശാചുക്കളുടേതിനു തുല്യമായ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ഔദ്ധത്യം ഭാവിക്കരുത് (Tractates on John 6,21).
➤ വിശുദ്ധ ഇരണേവൂസ്:
ദൈവപുത്രനെ കണ്ടപ്പോള്‍ പിശാചുക്കള്‍പോലും വിളിച്ചുപറഞ്ഞു: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍'' (മത്താ 4,3; ലൂക്കാ 4,3). അവയെല്ലാം പിതാവിനെയും പുത്രനെയും ഏറ്റുപറഞ്ഞുവെങ്കിലും അവരില്‍ വിശ്വസിച്ചില്ല. എല്ലാവരിലുംനിന്നുമുള്ള സാക്ഷ്യം സത്യത്തിനു ലഭിക്കുക ഉചിതമായിരുന്നു. ഈ സത്യമാണ് വിശ്വാസിക്കു രക്ഷയ്ക്കും വിശ്വസിക്കാത്തവര്‍ക്കു നാശത്തിനുമായുള്ള വിധിയുടെ അടിസ്ഥാനമാകേണ്ടത്. ഏതൊരുവനും രക്ഷപ്രാപിക്കാനുള്ള മാര്‍ഗം പിതാവിലും പുത്രനിലും വിശ്വസിക്കുകയാണ്. അതിനാവശ്യമായ സാക്ഷ്യം രക്ഷയുടെ മിത്രങ്ങളില്‍ നിന്നോ ശത്രുക്കളില്‍ നിന്നോ സ്വീകരിക്കുവാന്‍ കഴിയും. എന്തെന്നാല്‍ ശത്രുക്കളില്‍നിന്നു ലഭിക്കുന്ന സാക്ഷ്യം സത്യത്തിന്റെ വിശ്വാസ്യതയെ ഇരട്ടിപ്പിക്കുന്നു (Against Heresies 4.6.6-7). .
➤ വിശുദ്ധ ക്രിസോസ്‌തോം:
പിശാചുക്കള്‍ ദൈവനാമം വിളിക്കാറുണ്ടോ? അവര്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞില്ലേ: ''നീയാരാണെന്ന് ഞങ്ങള്‍ക്കറിയാം, ദൈവത്തിന്റെ പരിശുദ്ധന്‍'' (മര്‍ക്കോ 1,24; ലൂക്കാ 4,34). പൗലോസിനെയും കൂടെയുണ്ടായിരുന്നവരെയും കുറിച്ച് അവര്‍ പറഞ്ഞില്ലേ, ''ഇവര്‍ അത്യുന്നത ദൈവത്തിന്റെ ദാസന്മാരാണ്'' (നടപടി 16,17). പിശാചുക്കള്‍ ദൈവനാമം വിളിക്കുന്നു, പ്രഹരിക്കപ്പെടുമ്പോള്‍ മാത്രം! നിര്‍ബന്ധ പ്രേരണയാലല്ലാതെ, സ്വമനസ്സാ അവ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല (Homilies on First Corinthians 29.3).
➤ വിശുദ്ധ അംബ്രോസ്:
സാത്താന്റെ സാക്ഷ്യം ഞാന്‍ സ്വീകരിക്കുന്നില്ല. എന്നാല്‍ അവന്‍ ഏറ്റുപറഞ്ഞ വയെ ഞാന്‍ വിലമതിക്കുന്നു. അവന്‍ സാക്ഷ്യം നല്‍കിയത് മനസ്സില്ലാമനസ്സോടെയും പ്രേരണയ്ക്കു വഴങ്ങിയും പ്രഹരങ്ങള്‍ക്കു വിധേയപ്പെട്ടുമാണ് (Letter 22, To His Sister).
➤ വിശുദ്ധ അത്തനാസിയൂസ്:
ശവക്കല്ലറകള്‍ക്കിടയില്‍ നിന്നുമിറങ്ങി ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തന്റെ പിന്നാലെ വന്ന പിശാചുക്കളുടെ അധര ങ്ങള്‍ക്ക് അവിടുന്ന് കടിഞ്ഞാണിട്ടു. ''നീ ദൈവപുത്രനാണെന്നും'' ''ദൈവത്തിന്റെ പരിശുദ്ധനാണെന്നും'' (മത്താ 8,29; മര്‍ക്കോ 1,24; ലൂക്കാ 8,28) അവ പറഞ്ഞത് സത്യം തന്നെയായിരുന്നെങ്കിലും ആ സത്യം അശുദ്ധമായ അധരത്തില്‍നിന്നു പ്രത്യേകിച്ച് സത്യത്തെ തങ്ങളുടെ തന്ത്രങ്ങള്‍ കലര്‍ത്തി അവതരിപ്പിക്കുന്നവരില്‍നിന്നും കേള്‍ ക്കാന്‍ അവന്‍ ആഗ്രഹിച്ചില്ല (To the Bishops of Egypt 1.3).
♦️ വചനഭാഗം: ഈശോ ശിമയോന്റെ ഭവനത്തില്‍ - മര്‍ക്കോസ് 1,29-34 (മത്താ 8,14-17), (ലൂക്കാ 4,38-41)
29 ഈശോ സിനഗോഗില്‍നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലെത്തി. 30 ശിമയോന്റെ അമ്മായിയമ്മ പനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു. 31 അവന്‍ അടുത്തു ചെന്ന് അവളെ കൈയ്ക്കു പിടിച്ച് എഴുന്നേല്പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു. 32 അന്നു വൈകുന്നേരം സൂര്യാസ്തമയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്റെ അടുത്തു കൊണ്ടുവന്നു. 33 നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു. 34 വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.
****************************************************************
ശിമയോന്റെ അമ്മായിയമ്മ പനി ബാധിച്ച് കിടപ്പിലായിരുന്നു
➤ വിശുദ്ധ ജറോം: ഈശോ നിന്റെ കിടക്കയ്ക്കരികെ നില്‍ക്കുമ്പോള്‍ നിനക്കിനിയും ഉറക്കം തുടരാനാവുമോ? അവിടുന്ന് സന്നിഹിതനായിരിക്കുമ്പോള്‍ നിനക്കു ശയ്യാവലംബിയായി കിടക്കാനാവില്ല. ഈശോ തന്നെത്തന്നെ ബലിയായര്‍പ്പിച്ചുകൊണ്ട് ഇവിടെത്തന്നെയുണ്ട്. ''നിങ്ങളറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്'' (യോഹ 1,26). ''ദൈവരാജ്യം നിങ്ങളുടെയിടയിലുണ്ട്'' (മര്‍ക്കോ 1,15). വിശ്വാസം ഈശോയെ നമുക്കിടയില്‍ത്തന്നെ ദര്‍ശിക്കുന്നു. അവന്റെ കരംപിടിക്കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ അവന്റെ കാല്‍ക്കല്‍ പ്രണമിക്കാം. അവന്റെ ശിരസ്സോളം എത്താന്‍ നമുക്കാവുന്നില്ലെങ്കില്‍ അവന്റെ പാദങ്ങള്‍ നമ്മുടെ കണ്ണുനീരുകൊണ്ട് നമുക്ക് കഴുകാം (ലൂക്കാ 7,38).
നമ്മുടെ പശ്ചാത്താപം രക്ഷകന് പരിമളമായിത്തീരുന്നു. അവിടുത്തെ അനുകമ്പ എത്ര വിലപിടിപ്പുള്ളതെന്ന് കാണുവിന്‍. നമ്മുടെ പാപങ്ങളില്‍നിന്നു കൊടുംദുര്‍ഗന്ധം വമിക്കുന്നു. അഴുകിയ ഗന്ധമാണവ യ്ക്ക്. എങ്കിലും നമ്മള്‍ പാപങ്ങളെക്കുറിച്ച് അനുതപിച്ചാല്‍ കര്‍ത്താവിനാല്‍ അവ പരിമളമാക്കപ്പെടും. കര്‍ത്താവിനോട് നമ്മുടെ കരംപിടിക്കണമേയെന്ന് അപേക്ഷിക്കാം. സുവിശേഷകന്‍ പറയുന്നു: ''ഉടനെ പനി അവളെ വിട്ടുമാറി'' (മര്‍ക്കോ 1,31). ഈശോ കരംപിടിച്ച ഉടനെ പനി പലായനം ചെയ്തു (Tractates on Mark's Gospel 2).
(....തുടരും).
▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ.
(കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍).
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02
⧪ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | ഈശോയുടെ മാമ്മോദീസ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03
♦️⧪ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️⧪
