News - 2025

വിഭൂതി ബുധനാഴ്ചയും വിടാതെ അക്രമികള്‍; നൈജീരിയയില്‍ വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 06-03-2025 - Thursday

കഫാൻചാൻ: നൈജീരിയയിലെ കഫാൻചാനില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ കൊല്ലപ്പെട്ടു. ഇന്നലെ വിഭൂതി ബുധനാഴ്ച പുലര്‍ച്ചെയാണ് ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു എന്ന വൈദികന്‍ കൊല്ലപ്പെട്ടതെന്ന് കഫാൻചാന്‍ രൂപതയുടെ ചാന്‍സലര്‍ ഫാ. ജേക്കബ് ഷാനറ്റ് അറിയിച്ചു. തലേദിവസം രാത്രി പള്ളിമുറിയില്‍ നിന്ന് വൈദികനെ തട്ടിക്കൊണ്ടുപോയ അക്രമികള്‍ ഇന്നലെ വിഭൂതി ബുധനാഴ്ച പുലര്‍ച്ചെ കൊലപ്പെടുത്തുകയായിരിന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫാ. സിൽവസ്റ്റർ ഒകെച്ചുക്വുവിന്റെ ദാരുണമായ മരണം അഗാധമായ ദുഃഖത്തോടും ഹൃദയഭാരത്തോടും കൂടിയാണ് വിശ്വാസികളെ അറിയിക്കുന്നതെന്ന് ചാന്‍സലര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2021 ഫെബ്രുവരി 11 ന് വൈദികനായി അഭിഷിക്തനായ ഫാ. ഒകെച്ചുക്വു, തട്ടിക്കൊണ്ടുപോകപ്പെടുന്ന സമയത്ത് കടുണ സംസ്ഥാനത്തെ കൗര ലോക്കൽ ഗവൺമെന്റ് ഏരിയയിലെ തച്ചിറയിലെ സെന്റ് മേരി കാത്തലിക് പള്ളിയുടെ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. വൈദിക കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം അജ്ഞാതമാണ്. കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ നിസ്വാർത്ഥമായി പ്രവർത്തിച്ച, ദൈവത്തിന്റെ സമർപ്പിത ദാസനായിരിന്നു ഫാ. സിൽ‌വെസ്റ്ററെന്നും വൈദികന്റെ അകാലവും ക്രൂരവുമായ നഷ്ടം ഹൃദയം തളർത്തുകയാണെന്നും രൂപത പ്രസ്താവിച്ചു.

എല്ലായ്പ്പോഴും തന്റെ ഇടവകക്കാർക്ക് സമീപസ്ഥനായ വ്യക്തിയായിരിന്നു അദ്ദേഹം. വൈദികന്റെ വിയോഗത്തിൽ കത്തോലിക്കാ സമൂഹം ദുഃഖിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ആത്മാവിന്റെ ശാന്തിക്കായി പ്രാർത്ഥനയിൽ ഐക്യപ്പെട്ടിരിക്കാൻ രൂപത വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാ. സിൽ‌വെസ്റ്ററിന്റെ നിത്യശാന്തിക്കായി വിശുദ്ധ കുർബാനകളും ജപമാലകളും പ്രാർത്ഥനകളും അർപ്പിക്കാൻ എല്ലാ വൈദികരോടും സന്യസ്തരോടും വിശ്വാസികളോടും രൂപത ആഹ്വാനം നല്‍കി. ആരും നിയമം കൈയിലെടുക്കരുതെന്നും ശാന്തതയും പ്രാർത്ഥനയും നിലനിർത്താൻ ശ്രമിക്കണമെന്നും രൂപത അഭ്യര്‍ത്ഥിച്ചു. അതേസമയം നൈജീരിയയുടെ വിവിധ ഭാഗങ്ങളിലായി ഒരു സെമിനാരി വിദ്യാര്‍ത്ഥിയും നാല് വൈദികരും ബന്ദികളുടെ തടങ്കലില്‍ കഴിയുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »