News - 2025
അമേരിക്കന്‍ മെത്രാന്‍ സമിതിയുമായുള്ള അഭയാർത്ഥി സഹായ കരാറുകൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി
പ്രവാചകശബ്ദം 06-03-2025 - Thursday
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ മെത്രാന്‍ സമിതിയുമായുള്ള അഭയാർത്ഥി പുനരധിവാസ കരാറുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റദ്ദാക്കി. രണ്ട് മൾട്ടി മില്യൺ ഡോളറിന്റെ അഭയാർത്ഥി പുനരധിവാസ കരാറുകളാണ് റദ്ദാക്കിയിരിക്കുന്നത്. പ്രധാന ഫണ്ടിംഗ് മരവിപ്പിച്ചതിനെതിരെ ബിഷപ്പുമാർ തന്നെ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പെട്ടെന്നുള്ള നീക്കം. ഫെബ്രുവരി അവസാനവാരത്തില്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കൺട്രോളർ ജോസഫ് കൌബയിൽ നിന്നുള്ള രണ്ട് കത്തുകള്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ അസോസിയേറ്റ് ജനറൽ സെക്രട്ടറി ആന്റണി ഗ്രാനഡോയ്ക്കു ലഭിച്ചിരിന്നു.
അഭയാർത്ഥി പുനരധിവാസത്തിനായി ഏകദേശം 27 മില്യൺ ഡോളറിന്റെ രണ്ട് വ്യത്യസ്ത ഗ്രാന്റുകൾ ഉൾപ്പെടുന്നതായിരിന്നു ഇത്. 2024 ഒക്ടോബർ ആരംഭിച്ച് 2025 സെപ്റ്റംബർ വരെ കാലയളവുള്ള ഗ്രാന്റുകൾ ഉൾക്കൊള്ളുന്ന പദ്ധതിയാണ് തടഞ്ഞതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ശേഷം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഭാഗമായാണ് ധനസഹായം നിർത്തിവയ്ക്കാൻ ഉത്തരവിട്ടതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കി.
മാനുഷിക ഗ്രാന്റുകളും സഹായങ്ങളും റദ്ദാക്കിയെന്ന്‍ ആരോപിച്ച് നിരവധി സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ ഒരുങ്ങുന്നുണ്ട്. ക്രൈസ്തവ വിശ്വാസിയായ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഭ്രൂണഹത്യ, എല്‍ജിബിടി വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടിന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പിന്തുണ നല്‍കുന്നുണ്ടെങ്കിലും അഭയാര്‍ത്ഥി വിരുദ്ധ നിലപാടിന് എതിരാണ് സമിതി. നേരത്തെ കുടിയേറ്റവിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിയായിരിന്നു ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
