News - 2025

സിറിയയില്‍ ക്രൂരമായി കൊല്ലപ്പെട്ടവരിലും നിരവധി ക്രൈസ്തവരും; കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം

പ്രവാചകശബ്ദം 10-03-2025 - Monday

ഡമാസ്ക‌സ്: സിറിയയിൽ സുരക്ഷാസേനയും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബാഷർ അൽ ആസദിന്റെ അനുയായികളും തമ്മിലുള്ള സംഘർഷത്തിലും പ്രതികാര കൊലപാതകങ്ങളിലും കൊല്ലപ്പെട്ട ആയിരത്തോളം പേരില്‍ നിരവധി ക്രൈസ്തവരും. രണ്ടുദിവസത്തിനകം ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം ആയിരം കടന്നുവെന്ന് ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ കണക്കുകൾ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരിന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ആരംഭിച്ച സംഘർഷങ്ങൾക്കിടെ നിരവധി ക്രൈസ്തവരും കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ 745 പേർ സിവിലിയന്മാരാണ്. ഇവരിൽ ഭൂരിഭാഗവും വെടിയേറ്റാണ് മരിച്ചത്.

അതേസമയം സിറിയയില്‍ നടക്കുന്ന കൂട്ടക്കൊലകളെ അപലപിച്ച് സഭാനേതൃത്വം രംഗത്തെത്തി. നിരപരാധികളായ സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള കൂട്ടക്കൊലകളെ അപലപിച്ചുകൊണ്ട് സിറിയയിലെ മൂന്ന് പ്രധാന ക്രിസ്ത്യൻ സഭകളായ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ, ഗ്രീക്ക് ഓർത്തഡോക്സ്, സിറിയക് ഓർത്തഡോക്സ് സഭകളുടെ നേതൃത്വമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്ക് കടകവിരുദ്ധമായി നിലകൊള്ളുന്ന ഈ ഭയാനകമായ പ്രവൃത്തികൾ ഉടനടി അവസാനിപ്പിക്കണമെന്നും പൊതുസമാധാനത്തിന് ഭീഷണിയായ ഏതൊരു പ്രവര്‍ത്തിയെയും ക്രിസ്ത്യൻ സഭകൾ ശക്തമായി അപലപിക്കുന്നുണ്ടെന്നും സഭാനേതൃത്വം പ്രസ്താവിച്ചു.

2011-ൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിൽ സിറിയയിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും പലായനം ചെയ്തെങ്കിലും, ലതാകിയ നഗരത്തില്‍ നിരവധി ക്രൈസ്തവര്‍ ഒന്നിച്ച് താമസിക്കുന്നുണ്ടായിരിന്നു. ഏറ്റവും പുതിയ അക്രമത്തിന്റെ കടുത്ത ആഘാതം നേരിട്ടിരിക്കുന്നതും ലതാകിയയിലാണ്. ഇവിടെ നടക്കുന്ന അക്രമങ്ങള്‍ ക്രൈസ്തവരെ മരണഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സുരക്ഷാസേനയും അലവികളും തമ്മിൽ നടത്തുന്ന പോരാട്ടം അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറിയപ്പോള്‍ ഈ ഗണത്തില്‍ ഇരകളാക്കപ്പെടുന്നവരില്‍ ക്രൈസ്തവരും ഉള്‍പ്പെട്ട സാഹചര്യമാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »