News - 2025
റോമൻ കൂരിയയുടെ ധ്യാനത്തിൽ ആശുപത്രിയില്‍ നിന്ന് ഓൺലൈനായി പങ്കെടുത്ത് ഫ്രാൻസിസ് പാപ്പ
പ്രവാചകശബ്ദം 11-03-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനത്തിൽ ആശുപത്രിയില്‍ നിന്ന് ഓൺലൈനായി പങ്കെടുത്ത് ഫ്രാൻസിസ് പാപ്പ. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ ഉച്ചകഴിഞ്ഞു ആരംഭിച്ച റോമൻ കൂരിയയ്ക്കുള്ള നോമ്പുകാലധ്യാനത്തിൽ, പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റൊബെർത്തോ പസോളിനി സന്ദേശം നൽകി. റോമൻ കൂരിയയയിലെ എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചുള്ള ധ്യാനമാണ് നടക്കുന്നത്. ധ്യാനത്തിന്റെ പശ്ചാത്തലത്തില്‍ മിക്ക വത്തിക്കാൻ ഓഫീസുകളും കുറഞ്ഞ സമയക്രമത്തിലാണ് പ്രവർത്തിക്കുകയെന്നു വത്തിക്കാന്‍ വ്യക്തമാക്കിയിരിന്നു.
അതേസമയം പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പാപ്പാ ശാന്തമായി ചിലവഴിച്ചുവെന്നും പ്രാദേശികസമയം 8 മണിയോടെ ഉറക്കമുണർന്നുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താകാര്യാലയം ഇന്ന്‍ അറിയിച്ചു. ഇന്നലെ ഓണ്‍ലൈന്‍ ധ്യാനത്തില്‍ പങ്കെടുക്കുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും കപ്പേളയിൽ അല്പസമയം പ്രാർത്ഥനയിൽ ചിലവഴിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ, മോൺ. എഡ്ഗാർ പെന എന്നിവരുമായി പാപ്പ റോമിലെ ജെമല്ലി ആശുപതിയിൽവച്ച് കൂടിക്കാഴ്ച്ച നടത്തിയിരിന്നു. ആശുപതിയിൽ, തന്നെ ശുശ്രൂഷിക്കുന്നവർക്കൊപ്പം പാപ്പ ഞായറാഴ്ച വിശുദ്ധബലിയിൽ സംബന്ധിച്ചു. ശ്വസന സഹായവും ഫിസിയോതെറാപ്പിയും പാപ്പ തുടരുന്നുണ്ട്. പകൽ സമയത്ത്, ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പിയും, വൈകുന്നേരം മെക്കാനിക്കൽ വെന്റിലേഷനുമാണ് പാപ്പയ്ക്കു നല്‍കുന്നത്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
