News - 2025

അസർബൈജാൻ തടവിലാക്കിയ ക്രൈസ്തവരുടെ മോചനത്തിന് ട്രംപിന്റെ ഇടപെടല്‍ തേടി ക്രൈസ്തവ നേതൃത്വം

പ്രവാചകശബ്ദം 20-03-2025 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: അസർബൈജാൻ സർക്കാർ തടവിലാക്കിയിരിക്കുന്ന ഇരുപത്തിനാല് ക്രൈസ്തവരുടെ മോചനത്തിന് ഡൊണാൾഡ് ട്രംപിന്റെ ഇടപെടല്‍ തേടി ക്രൈസ്തവ നേതൃത്വം. അസർബൈജാനിൽ നിലവിൽ തടവിലാക്കപ്പെട്ടിരിക്കുന്ന 23 അർമേനിയന്‍ ക്രൈസ്തവര്‍ക്കും ഒരു അസർബൈജാനി ക്രൈസ്തവ വിശ്വാസിയ്ക്കും മോചനം ലഭ്യമാകുവാന്‍ നടപടിയെടുക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെടുന്ന കത്ത് സേവ് അർമേനിയ എന്ന സംഘടനയാണ് പുറത്തുവിട്ടത്. അന്യായമായി തടങ്കലിലാക്കിയ ക്രൈസ്തവര്‍ക്ക് വേണ്ടി ഇടപെടല്‍ തേടിയാണ് കത്ത്.

അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ സാം ബ്രൗൺബാക്ക്, ക്രിസ്ത്യൻ കലാകാരനും മിഷ്ണറിയുമായ സീൻ ഫ്യൂച്ച്, നാഷണൽ റിലീജിയസ് ബ്രോഡ്കാസ്റ്റേഴ്‌സ് പ്രസിഡന്റും സിഇഒയുമായ ട്രോയ് മില്ലർ, യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം കമ്മീഷണർ ഡേവിഡ് കറി, സേവ് ദി പെർസിക്യൂറ്റഡ് ക്രിസ്ത്യന്‍സ് സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡെഡെ ലൗഗെസെൻ, പൗരാവകാശ പ്രവർത്തക അൽവേദ കിംഗ് എന്നിവർ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അർമേനിയയ്ക്കും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികൾക്കും പിന്തുണ നല്‍കിയതിന് നേതാക്കൾ ട്രംപിനോട് നന്ദി പറഞ്ഞു. ലോക ചരിത്രത്തിൽ ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ച ആദ്യ രാജ്യങ്ങളിലൊന്ന് എന്നനിലയിൽ അർമേനിയയുടെ സുരക്ഷയെയും അവരുടെ സമ്പന്നമായ ക്രൈസ്തവ പൈതൃകത്തെയും ദുർബലപ്പെടുത്തുന്നവർക്ക് മുന്നറിയിപ്പ് നല്‍കിയ ട്രംപിന്റെ നിലപാടില്‍ നേതാക്കള്‍ നന്ദിയര്‍പ്പിച്ചു. അസർബൈജാന്‍ വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് നാഗോർണോ-കരാബാഖ് മേഖലയില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നു നേരത്തെ പതിനായിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്തിരിന്നു.


Related Articles »