News - 2025
പേപ്പല്‍ വസതിയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു ചികിത്സ തുടരുന്നു
പ്രവാചകശബ്ദം 27-03-2025 - Thursday
വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് പാപ്പയ്ക്കു വത്തിക്കാനിലെത്തിയ ശേഷവും ചികിത്സകൾ തുടരുകയാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസ്. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് സങ്കീർണ്ണമായ രോഗാവസ്ഥയിലൂടെ കടന്നുപോയ പാപ്പയ്ക്ക്, വത്തിക്കാനിലെ സാന്താ മാർത്തായിൽ ചികിത്സയും ഫിസിയോതെറാപ്പിയും നൽകിവരുന്നുണ്ടെന്നും കഴിഞ്ഞ ദിവസവും പാപ്പ ഇവിടെയുള്ള ഒരു ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. നിലവിൽ പുറത്തുനിന്നുള്ള ആർക്കും സന്ദർശനം അനുവദിക്കുന്നില്ല. അടുത്ത ആഴ്ചകളിലെ പാപ്പായുടെ പരിപാടികൾ സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ഫ്രാൻസിസ് പാപ്പ തിരികെ വത്തിക്കാനിലെത്തിയെങ്കിലും, മുൻപ് അറിയിച്ചിരുന്നതുപോലെ രണ്ടുമാസത്തേക്കു എങ്കിലും ചികിത്സയോടുകൂടിയ വിശ്രമത്തിലായിരിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് നേരത്തെ അറിയിച്ചിരിന്നു. ജൂബിലിയുമായോ, വലിയ ആഴ്ചയിലെ കർമ്മങ്ങളുമായോ ബന്ധപ്പെട്ടോ പരിപാടികളിൽ പാപ്പായുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിൽ തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. പാപ്പായുടെ ആരോഗ്യസ്ഥിതിയിലുള്ള മാറ്റമനുസരിച്ചായിരിക്കും മുന്നോട്ടുള്ള തീരുമാനങ്ങളെന്ന് പ്രസ് ഓഫീസ് വ്യക്തമാക്കി.
സാന്താ മാർത്തായിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാപ്പ സഹകാർമ്മികനായെന്നും ചൊവ്വാഴ്‍ച ഉച്ചയോടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു. മരുന്നുകൾക്കും ഫിസിയോതെറാപ്പിക്കും പുറമെ, ആശുപത്രിയിലെ അവസാനദിവസങ്ങളിൽ നല്കിയിരുന്നതുപോലെ പാപ്പായ്ക്ക് ഈ ദിവസങ്ങളിൽ സാന്താ മാർത്തായിൽ വച്ചും ഓക്സിജൻ നൽകുന്നുണ്ടെന്നും, എന്നാൽ നേരത്തെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ അളവിൽമാത്രമാണ് ഇപ്പോൾ ഇത് നൽകുന്നതെന്നും പ്രസ് ഓഫീസ് അറിയിച്ചിട്ടുണ്ട്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?