News - 2025

കാപ്പിറ്റോള്‍ മന്ദിരത്തില്‍ 'കറുത്ത കുര്‍ബാന' നടത്തുന്നതിന് ചുക്കാന്‍ പിടിച്ച സംഘാടകനെ അറസ്റ്റ് ചെയ്തു

പ്രവാചകശബ്ദം 29-03-2025 - Saturday

കന്‍സാസ്: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പരസ്യമായി പൈശാചിക ആരാധനയായ കറുത്ത കുര്‍ബാന നടത്തുന്നതിന് ചുക്കാന്‍ പിടിച്ച സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ തിന്മയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി ക്രൈസ്തവ വിശ്വാസികള്‍ ഇവിടെയുണ്ടായിരിന്നു. പ്രതിഷേധം ഉയര്‍ത്തിയ ഒരാളുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നാണ് മൈക്കൽ സ്റ്റുവർട്ട് എന്ന സാത്താനിക ആരാധനയുടെ സംഘാടകനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ 'എക്സ്' ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക വാർത്താ ഏജൻസിയായ WIBW-പുറത്തുവിട്ട വീഡിയോയിൽ, മൈക്കൽ സ്റ്റുവർട്ട് കാപ്പിറ്റോളില്‍ കൈകൾ ഉയർത്തി പൈശാചിക വാക്കുകള്‍ മന്ത്രിക്കുന്നതും നിരവധി പ്രതിഷേധക്കാർ ഇത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ദൃശ്യമാണ്.

മുമ്പ് ഗവർണർ ലോറ കെല്ലി എല്ലാ പ്രതിഷേധക്കാരെയും കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കാപ്പിറ്റോൾ കെട്ടിടത്തിന്റെ വാതിലുകളിൽ എത്തിയപ്പോൾ, നിയമപാലകർ അദ്ദേഹത്തെ തടഞ്ഞില്ലെങ്കിലും പ്രകടനം നടത്താൻ കഴിയില്ലെന്ന് അറിയിച്ചു. എന്നാല്‍ കെല്ലിയുടെ ഉത്തരവ് ലംഘിച്ച് കാപ്പിറ്റോളില്‍ പ്രവേശിക്കാനുള്ള തന്റെ ഉദ്ദേശ്യം സ്റ്റുവർട്ട് നിരവധി തവണ പരസ്യമായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിൽ പ്രവേശിച്ച് സാത്താനിക പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഇദ്ദേഹം തീരുമാനിച്ചത്. ഇതിന് പോലീസ് തടയിടുകയായിരിന്നു.



അതേസമയം സംഘാടകനെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റുവർട്ട് നിർത്തിയ ഇടത്തുനിന്ന് മറ്റ് രണ്ട് സാത്താനിസ്റ്റുകൾ ആക്രമണം നടത്താൻ ശ്രമിച്ചുവെന്നും അവരെ കസ്റ്റഡിയിലെടുത്തുവെന്നും കൻസാസ് റിഫ്ലക്ടർ റിപ്പോര്‍ട്ട് ചെയ്യുന്നു. സാത്താനിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പോലീസ് എന്ത് കുറ്റം ചുമത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കത്തോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെ പരിഹസിക്കാനും അവഹേളിക്കാനും രൂപകൽപ്പന ചെയ്ത "കറുത്ത കുര്‍ബാന"യെ അപലപിച്ചുകൊണ്ട് സംസ്ഥാനത്തെ കത്തോലിക്കാ നേതാക്കൾ സമാധാനപരമായ പ്രതിഷേധത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്തിരിന്നു. പരിഹാരമായി കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, കാപ്പിറ്റോളിന് നേരെ എതിർവശത്തുള്ള കത്തോലിക്കാ പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും നയിച്ചിരിന്നു.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »