News

ഒരു ദശാബ്ദക്കാലത്തെ തടവിനുശേഷം സിറിയയില്‍ കത്തോലിക്ക ഡീക്കന് മോചനം

പ്രവാചകശബ്ദം 07-04-2025 - Monday

ഡമാസ്ക്കസ്: ഒരു ദശാബ്ദക്കാലത്തെ തടവിനുശേഷം സിറിയിലെ ഹോംസ് അതിരൂപതാംഗമായ കത്തോലിക്ക ഡീക്കന്‍ മോചിതനായി. തീവ്ര ഇസ്ളാമിക നിലപാടുള്ള അൽ-നുസ്ര ഫ്രണ്ട് വിമതര്‍ പിടികൂടിയ വിവാഹിതനും ഡീക്കനുമായ ജോണി ഫൗദ് ദാവൂദിനാണ് പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ മോചനം ലഭിച്ചിരിക്കുന്നത്. മാർച്ച് 2 ഞായറാഴ്ച മോചനം ലഭിച്ച ഡീക്കന്‍ ജോണിയുമായുള്ള അഭിമുഖം കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കീഴിലുള്ള എ‌സി‌ഐ മെന എന്ന മാധ്യമം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകം വാര്‍ത്ത അറിയുന്നത്.

യാതൊരു മുൻകൂർ അറിവുമില്ലാതെ പോകാൻ തയ്യാറെടുക്കാൻ ആവശ്യപ്പെടുകയായിരിന്നുവെന്നും സ്വതന്ത്രനാണെന്ന് വിശ്വസിക്കാന്‍ കഴിയാതെയാണ് അവിടെ നിന്ന്‍ മോചിതനായതെന്നും അദ്ദേഹം പറയുന്നു. ഇദ്ലിബ് ഗ്രാമപ്രദേശത്തുള്ള യാഖൂബിയ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലേക്ക് എന്നെ മാറ്റി. അവിടെ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ലൂയിയും നാട്ടുകാരും എന്നെ ഊഷ്മളമായി സ്വീകരിച്ചു. അവിടെ നിന്നാണ് തന്റെ രൂപതാധ്യക്ഷനായ ബിഷപ്പ് ജേക്കബ് മുറാദിനെയും കുടുംബത്തെയും ബന്ധപ്പെട്ടത്. സന്തോഷത്താൽ നിലവിളിയോടെയാണ് കുടുംബാംഗങ്ങള്‍ മോചന വാര്‍ത്ത ശ്രവിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി.

2015 സെപ്റ്റംബറിലാണ് ഡീക്കന്‍ തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുന്നത്. സിറിയൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ, ഏറ്റുമുട്ടലുകൾ കാരണം ഓൾഡ് ഹോംസിലെ ക്രിസ്ത്യൻ ജില്ലയായ ഹാമിദിയയിലെ വീട് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിന്നു. സൈനിക സേവനമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പല മുന്നണികൾക്കിടയിൽ ജോലി ചെയ്യേണ്ടി വന്നു. അവസാനത്തേത് ദുഹർ വിമാനത്താവളമായിരുന്നു. അവിടെ മാസങ്ങളോളം കഴിയേണ്ടി വന്നു. സാഹചര്യം ദാരുണമായിരുന്നു; ഭക്ഷണസാധനങ്ങൾ തീർന്നു, പുല്ലും ഇലകളും കഴിക്കാൻ നിർബന്ധിതരായി. വെള്ളം മലിനമായിരിന്നു.

വിവിധ രോഗങ്ങൾ ബാധിച്ചു. 2015 സെപ്റ്റംബറിൽ വിമതർ വിമാനത്താവളം ആക്രമിച്ചു. 300 പേരിൽ 38 പേർ മാത്രമാണ് രക്ഷപ്പെട്ടത്. അല്‍ നൂസ്ര തീവ്രവാദികള്‍ തടവുകാരുടെ കൈമാറ്റം പ്രതീക്ഷിച്ചാണ് ഞങ്ങളെ കസ്റ്റഡിയിലെടുത്തത്, പക്ഷേ ഉദ്യോഗസ്ഥർ ഞങ്ങളുടെ കേസില്‍ ഗൗരവമായി സഹകരിച്ചില്ല. ഞങ്ങളുടെ കഷ്ടപ്പാടുകൾ വളരെ വലുതായിരുന്നു, ഏറ്റവും കഠിനമായ കാര്യം പുറം ലോകത്തിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ടതായിരുന്നു, ആരുടെയും മനസ്സിനെ നശിപ്പിക്കാൻ പര്യാപ്തമായിരിന്നു അത്. മരിച്ചതുപോലെ അജ്ഞാതമായി ജീവിക്കുന്നത് വല്ലാത്ത നിരാശയ്ക്കു കാരണമായിരിന്നു. മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ അവര്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്ധമായ മതഭ്രാന്ത് കാരണം ഞാൻ സംവാദത്തിൽ നിന്ന് മാറ്റി നിര്‍ത്തിയിരിന്നു.

അവർക്ക് അവിശ്വാസി, ബഹുദൈവ വിശ്വാസി, നിരീശ്വരവാദി, കപടനാട്യക്കാരൻ തുടങ്ങിയ വാക്കുകൾ മാത്രമേ അറിയൂ. എന്നാല്‍ ഇസ്ലാമിക നിയമ സ്ഥാപനങ്ങളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള ബിരുദധാരികളുമായി ചർച്ച ചെയ്യുന്നത് ആസ്വാദ്യകരമായിരുന്നു, കാരണം തന്റെ വിശ്വാസത്തെ സംസാരിക്കാനും പ്രതിരോധിക്കാനും ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിച്ചു. "ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്" എന്ന് പറഞ്ഞുകൊണ്ട്, വാക്കുകളിൽ മാത്രമല്ല, ക്രിസ്തുവിന്റെ സ്ഥാനപതിയായി നിലക്കൊണ്ട അപ്പോസ്തലനായ പൗലോസിനെപോലെയാണ് കഴിഞ്ഞിരിന്നതെന്നും ഡീക്കന്‍ വെളിപ്പെടുത്തി. ദുരിതങ്ങള്‍ക്ക് നടുവിലും താന്‍ അനുഭവിച്ച, താന്‍ ചേര്‍ത്തുപിടിച്ച ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുടെ മുന്നില്‍ പ്രഘോഷിക്കാന്‍ തയാറെടുക്കുകയാണ് ജോണി ഫൗദ്.


Related Articles »