News - 2025

ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് ബ്രിട്ടീഷ് രാജകുടുംബം

പ്രവാചകശബ്ദം 10-04-2025 - Thursday

വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ പാപ്പയുടെ സ്വകാര്യ വസതിയായ സാന്താ മാര്‍ത്തയിലെത്തിയാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ചാൾസ് രാജാവും കാമില രാജ്ഞിയും കൂടിക്കാഴ്ച നടത്തിയത്. വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് പാപ്പ ആശംസ നേര്‍ന്നു. ആരോഗ്യം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസ ദമ്പതികള്‍ പങ്കുവെച്ചു. ഇതേ ആശംസ ഫ്രാന്‍സിസ് പാപ്പയും പങ്കുവെച്ചു. സമീപ മാസങ്ങളിൽ രണ്ട് രാഷ്ട്രത്തലവന്മാരും ആരോഗ്യ പ്രതിസന്ധി നേരിട്ടവരാണ്.

ചാള്‍സ് രാജാവിന് കഴിഞ്ഞ വര്‍ഷം കാൻസർ സ്ഥിരീകരിച്ചിരിന്നു. നീണ്ട മുപ്പത്തിയെട്ട് ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ ശേഷമാണ് പാപ്പ ഇപ്പോള്‍ വത്തിക്കാനില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ ഫോട്ടോ വത്തിക്കാന്‍ ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികവും രാജാവിന്റെ പിതാവ് എഡിൻബർഗിലെ ഫിലിപ്പിന്റെ നാലാം മരണ വാർഷിക ദിനവുമായ ഇന്നലെ പത്താം തീയതിയാണ് കൂടിക്കാഴ്ച നടന്നതെന്ന് ശ്രദ്ധേയമാണ്.

2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരിന്നു. 2017-ലും 2019-ലും ചാള്‍സ് രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. "സമാധാനത്തിൻ്റെ മനുഷ്യൻ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്. 2000-ല്‍ നടന്ന മഹാജൂബിലി വർഷത്തിൽ എലിസബത്ത് രാജ്ഞി വത്തിക്കാനില്‍ സന്ദര്‍ശനം നടത്തി ജൂബിലി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരിന്നു.




Related Articles »