News - 2025
വത്തിക്കാന്റെ സ്മാരക സംരക്ഷണ കമ്മീഷന് വനിതാ പ്രസിഡന്റ്
പ്രവാചകശബ്ദം 14-04-2025 - Monday
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി വനിതയും പ്രൊഫസറുമായ എൽവിറ കജാനോയെ നിയമിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിലെ ചരിത്ര- സാംസ്കാരിക പൈതൃക വിഭാഗത്തിലെ അധ്യാപികയായി സേവനം ചെയ്തു വന്നിരുന്ന പ്രൊഫസർ എൽവിറ കജാനോയെ വത്തിക്കാന്റെ കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള അധ്യക്ഷയായാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ നിയമിച്ചിരിക്കുന്നത്.
വത്തിക്കാൻ മ്യൂസിയങ്ങളുടെ മുൻ ഡയറക്ടറും 2017 ജനുവരി മുതൽ പ്രസിഡന്റുമായ പ്രൊഫസർ ഫ്രാഞ്ചെസ്‌കോ ബുറാനെല്ലിക്കു പകരമായിട്ടാണ് പ്രൊഫസർ എൽവിറ ചുമതലയേൽക്കുന്നത്. 1955 മെയ് 29ന് പാർമയിൽ ജനിച്ച എൽവിറ റോമിലെ ലാ സാപിയൻസ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദവും ചരിത്രം, രൂപകൽപ്പന, ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഡോക്ടറേറ്റും നേടി. കേവലം അറ്റകുറ്റപ്പണി എന്ന നിലയിലല്ല, മറിച്ച് ചരിത്രത്തിന്റെ മുറിവുകൾ മായ്ക്കാതെ സംരക്ഷിക്കേണ്ടതിന്റെയും ഓരോ സ്മാരകവും നിശബ്ദമായി വഹിക്കുന്ന കാര്യങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകതയെ ചൂണ്ടിക്കാട്ടി നിരവധി രചനകൾ അവര്‍ നടത്തിയിരിന്നു.
1923 ജൂൺ 27-ന് പീയൂസ് പതിനൊന്നാമൻ പാപ്പയാണ് പരിശുദ്ധ സിംഹാസനത്തിലെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷൻ സ്ഥാപിച്ചത്. 2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ സാംസ്കാരിക പൈതൃക സംരക്ഷണ നിയമം നിലവിൽ വന്നതോടെ വത്തിക്കാൻ സിറ്റിയിലും വിദേശ പ്രദേശങ്ങളിലും നടത്തുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുതിയ നിർമ്മാണങ്ങൾ, പ്രദർശന പദ്ധതികൾ, സംരക്ഷണ ഇടപെടലുകൾ എന്നിവയിലും കമ്മീഷനു അഭിപ്രായവും നിര്‍ദ്ദേശവും പങ്കുവെയ്ക്കാന്‍ അവസരമുണ്ട്.
