News - 2025
ഫ്രാൻസില്‍ വിശ്വാസ കൊടുങ്കാറ്റ്; ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് 10,384 പേര്‍
പ്രവാചകശബ്ദം 14-04-2025 - Monday
പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാൻസില്‍ ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് 10,384 പേര്‍. 2024 ലെ കണക്കുകളെ അപേക്ഷിച്ച് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 45% വർദ്ധനവാണ് ഉള്ളതെന്ന് ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് സർവേ ആരംഭിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ ഏറെയും യുവാക്കളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത.
കത്തോലിക്ക വിശ്വാസം പുല്‍കാന്‍ ഒരുങ്ങുന്നവരില്‍ 42% വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും 18-25 പ്രായക്കാരുമാണ്. യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന ഈ ആത്മീയ ഉണർവ് സഭയുടെ സുവിശേഷവൽക്കരണ മേഖലയിൽ ഉണ്ടായ പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുകയാണെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി വിലയിരുത്തി. ഇതോടൊപ്പം ജ്ഞാനസ്നാനം സ്വീകരിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. 11 നും 17 നും ഇടയിൽ പ്രായമുള്ള 7,400-ലധികം കൗമാരക്കാർ ജ്ഞാനസ്നാന കൂദാശ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്രാൻസിലുടനീളമുള്ള രൂപതകളില്‍ ജ്ഞാനസ്നാനത്തിന് ഒരുങ്ങിയ കൗമാരക്കാരുടെ എണ്ണംവെച്ചു നോക്കുമ്പോള്‍ 33% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം രാജ്യത്തു വിഭൂതി ബുധനാഴ്ച നടന്ന വിവിധ വിശുദ്ധ കുർബാനകളിൽ അഭൂതപൂർവമായ പങ്കാളിത്തം കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കീഴിലുള്ള നാഷണൽ കാത്തലിക് രജിസ്റ്റർ റിപ്പോർട്ട് ചെയ്തിരിന്നു. ബ്രിട്ടനില്‍ 2018നും 2024നും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നു അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. യൂറോപ്പിലെ മറ്റിടങ്ങളിലും സമാനമായ പ്രതിഫലനം കാണുന്നത് ഭൂഖണ്ഡത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനമായാണ് പൊതുവേ വിലയിരുത്തുന്നത്.
