Title News - 2025
കുരിശിനെയും കല്ലറയെയും അതിജീവിച്ച ഉത്ഥിതൻ | മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശം
പ്രവാചകശബ്ദം 20-04-2025 - Sunday
ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും നിറം പിടിപ്പിച്ചതും അതിഭാവുകത്വം കലർന്നവയുമാണ്. അവയിൽ ശ്രദ്ധേയമായ ഒരു കഥയിതാണ്. കടലിലെ യാത്രയ്ക്കിടയിൽ കര കണ്ടിട്ടു മാസങ്ങളായി. ലക്ഷ്യമില്ലാതെ അലയുന്ന കപ്പലിലെ സഹപ്രവർത്തകർ കൊളംബസിനെ കയ്യും-കാലും കെട്ടി കടലിൽ എറിഞ്ഞ് കപ്പലുമായി തിരികെപ്പോരാൻ തീരുമാനിച്ചു. വിവരമറിഞ്ഞ കൊളംബസ് കയ്യിൽ സൂക്ഷിച്ചിരുന്ന ക്രൂശിതരൂപം നെഞ്ചോടുചേർത്തു പറഞ്ഞു: “മൂന്നുനാൾകൂടി മുന്നോട്ടു പോവുക, എന്നിട്ടും കരകണ്ടില്ലെങ്കിൽ എന്നെ കടലിൽ എറിഞ്ഞു കളഞ്ഞുകൊള്ളുക.” കുരിശുരൂപം കെട്ടിപ്പിടിച്ചുറക്കളച്ചിരുന്ന കൊളംബസ് മൂന്നാംദിനം പ്രഭാതത്തിൽ ആ മനോഹര ദൃശ്യം കണ്ടു: അമേരിക്കൻ തീരം. ക്രൂശിതനായ കർത്താവ് സന്തോഷമാക്കി മാറ്റിയ തന്റെ സങ്കടരാവുകളെയോർത്ത് അദ്ദേഹം എന്നും ആവേശം ഉൾക്കൊണ്ടിരുന്നു.
കാൽവരിയിലെ കുരിശിനെയും കല്ലുവച്ചടച്ച കല്ലറയെയും അതിജീവിച്ചാണ് അടക്കപ്പെട്ട ക്രൂശിതൻ ഉയിർത്തെഴുന്നേറ്റത്. ഉത്ഥാനം എന്ന ഒറ്റക്കല്ലിനെ ആധാരശിലയാക്കി പണിയപ്പെട്ട വിശ്വാസ സൗധമാണ് തിരുസഭ. ആ കല്ലിളകിയാൽ സർവ്വതും തകിടംമറിഞ്ഞു വ്യർത്ഥമാകുമെന്ന് പൗലോസ്ശ്ലീഹാ ഓർമ്മിപ്പിക്കുന്നുണ്ട് (1 കോറി. 15:14), അനുയായികളുടെ വിശ്വാസവളർച്ചയ്ക്കുവേണ്ടി അവിടുന്നു പ്രവർത്തിച്ച അടയാളങ്ങളായിരുന്നു അവിടുത്തെ അത്ഭുതങ്ങൾ. ഈശോ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതം അവിടുത്തെ ഉത്ഥാനമായിരുന്നു. കാരണം ഈ ഉത്ഥാനമാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ അടയാളം.
ശൂന്യമായ കല്ലറയെ സാക്ഷിനിർത്തിക്കൊണ്ടാണ് നാലുസുവിശേഷങ്ങളും ഉത്ഥാനവിവരണം ആരംഭിക്കുന്നത്. യേശുവിനെ സംസ്കരിച്ചിടത്ത് അവന്റെ ശരീരം കണ്ടില്ലെന്നതും അവനെ പുതപ്പിച്ചിരുന്ന കച്ച ചുരുട്ടി വെച്ചിരുന്നതുമാണ് ഉത്ഥാനചിന്തയിലേക്കു നയിക്കുന്ന ആദ്യസൂചനകൾ. കല്ലറയുടെ ഭീമാകാരമായ കല്ല് ആര് ഉരുട്ടിമാറ്റും എന്ന ചിന്തയോടെയാണ് മഗ്ദലനാമറിയവും കൂട്ടരും കല്ലറയിങ്കൽ ദുഃഖാർത്തരായി ഓടിയെത്തിയത്. പാലസ്തീനിലെ ശവകൂടീരങ്ങളുടെ കവാടം കടന്ന് പടിയിറങ്ങിച്ചെന്നാൽ ഒരു ചതുര മുറിയിലാണെത്തുക. പ്രസ്തുത മുറിയുടെ ഭിത്തിയിലാണ് കല്ലിൽ വെട്ടിയുണ്ടാക്കിയ 'കല്ലറ.' യേശുവിന്റെ ഉത്ഥാനത്തെ പ്രതിരോധിക്കാൻ യഹൂദമത നേതൃത്വം മുൻകൈയെടുത്ത് കല്ലറയുടെ കവാടം അടച്ചുമുദ്രവച്ചിരുന്നു. ഉത്ഥാനത്തിനുളള തടസ്സം കേവലമൊരു കല്ലല്ല; മറിച്ച്, കല്ലുപോലെ ഉറച്ചു പോയ മനുഷ്യന്റെ അവിശ്വാസമാണ്. അവിശ്വാസത്തിന്റെ കല്ലു തട്ടിമാറ്റാൻ മാലാഖ വരുന്ന രാത്രിയാണ് ഉത്ഥാനത്തിരുന്നാൾ. ജീവിതപ്രതിസന്ധികളിൽ നിരാശപ്പെടുന്നവരുടെ ജീവിതത്തിലേക്കു മാലാഖമാരെ ദൈവം അയച്ച് അവരുടെ ജീവിതങ്ങൾക്കും ഉത്ഥാനവെളിച്ചം നൽകുമെന്ന തിരിച്ചറിവിലാണ് ഉത്ഥാനവിവരണം ആരംഭിക്കുന്നത്. മനുഷ്യന് ഉരുട്ടിമാറ്റാനാവാത്ത കല്ലുകളെ തള്ളിമാറ്റാൻ ദൈവം മാലാഖമാരെ അയയ്ക്കുന്നുണ്ട്. എന്നാൽ അവിശ്വാസംകൊണ്ട് കല്ലുകളല്ലാതെ മാലാഖമാരെ കാണാൻ നമുക്കു കഴിയുന്നില്ല എന്നതാണു പ്രശ്നം.
ഉത്ഥാനസന്ദേശമായി മാലാഖ പറയുന്നത്: "ഭയപ്പെടേണ്ട," "കരയേണ്ട" എന്നീ രണ്ട് ആശ്വാസ വചനങ്ങളാണ്. ഭയപ്പാടുകളാണ് മനുഷ്യന്റെ കരച്ചിലിനു കാരണം. ഒറ്റപ്പെടലും അപമാനവും പരാജയവും അതിന്റെ പൂർണ്ണതയിൽ അനുഭവിച്ച് നിന്ദ്യമായി മരിച്ച ക്രിസ്തുവിന്റെ ഉത്ഥാനം മനുഷ്യന്റെ അടിസ്ഥാന ഭയങ്ങൾക്കുളള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ്. നിത്യതയുടെ വെളിച്ചത്തിൽ ജീവിതത്തെ പുനർവായിക്കുമ്പോൾ ഭയവും കണ്ണീരും വിട്ടകലും എന്ന സത്യമാണ് ഉത്ഥാനത്തിരുനാൾ നൽകുന്നത്. നിരാശയോടെ കല്ലറ തേടിവന്നവർ ആനന്ദലഹരിയിൽ തിരികെ ഓടുന്ന ഈ വിവരണം തന്നെയാണ് ഉത്ഥാനം മനുഷ്യനിൽ വരുത്തുന്ന മാറ്റം. യേശു ഉത്ഥാനം ചെയ്തു എന്ന ദൈവിക സത്യത്തെ സംശയലേശമന്യേ സ്വീകരിക്കുമ്പോൾ മാത്രമാണ് ക്രിസ്‌തീയ വിശ്വാസം രൂപം കൊളളുന്നത്. എമ്മാവൂസിലേക്കുപോയ അപ്പസ്തോലന്മാർ മുറിക്കപ്പെട്ട അപ്പത്തിൽ ഉത്ഥിതനെ തിരിച്ചറിഞ്ഞു (ലൂക്കാ 24:28-32). ഉത്ഥിതൻ തിരുസ്സഭയിൽ കൂദാശരൂപനായാണ് സന്നിഹിതനായിരിക്കുന്നത് എന്ന സത്യം മറക്കാതിരിക്കാം.
ഉത്ഥിതൻ ആദ്യമായി ഉച്ചരിച്ച ചോദ്യം “എന്തിനാണു നീ കരയുന്നത്?” എന്നതായിരുന്നു (യോഹ 20:15). മനുഷ്യന്റെ സഹനങ്ങൾ ദൈവം അറിയുന്നു. അവ പരിഹരിക്കാൻ ദൈവപുത്രൻ സജീവനായി കൂടെയുണ്ട് എന്ന സന്ദേശമാണ് ഉത്ഥിതൻ നൽകുന്നത്. നമ്മോടും ഉത്ഥിതൻ ചോദിക്കുന്നത് സമാനമായ ചോദ്യങ്ങളാണ്. എന്തിനാണ് നീ കരയുന്നത്? എന്തിനാണ് നീ നിരാശപ്പെടുന്നത്? നിന്റെ മുഖം വാടിയിരിക്കുന്നതെന്താണ്?
കണ്ണുനീർ തുടച്ച് ഉത്ഥാനത്തിന്റെ പുലരിയെ നോക്കി ചിരിച്ചു തുടങ്ങാം. എന്തെന്നാൽ, തിന്മയുടെ വിജയം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. പിശാച് വിജയാട്ടഹാസം മുഴക്കുന്ന ദുഃഖവെള്ളികൾ നമ്മുടെയും ജീവിതത്തിലുണ്ടാകാം. എന്നാൽ, ദുഃഖവെള്ളിയാഴ്ചകളെ ലോകാവസാനമായി കരുതി നിരാശപ്പെടാതെ ദൈവം ചിരിക്കുന്ന ഉത്ഥാനഞായർ വിദൂരമല്ലെന്ന പ്രത്യാശയോടെ കാത്തിരിക്കാം. ദുഃഖവെള്ളിയിൽനിന്ന് ഉത്ഥാനഞായറിലേക്ക് ഏതാനും മണിക്കൂറുകളുടെ മാത്രം അകലമേ ഉള്ളൂ എന്ന് തിരിച്ചറിയാം.
ഉത്ഥാനരഹസ്യം വെളിപ്പെട്ടു കിട്ടണമെങ്കിൽ മറിയത്തെയും ശിഷ്യരെയുംപോലെ നാമും ക്രിസ്തുവിനെ അഗാധമായി സ്നേഹിക്കണം എന്നാണ് സുവിശേഷങ്ങൾ പറഞ്ഞുതരുന്നത്. നമ്മുടെ ശരീരങ്ങളും ഉയിർക്കാനുള്ളതാണ്. "ശരീരങ്ങളുടെ ഉയിർപ്പിൽ ഞാൻ വിശ്വസിക്കുന്നു" എന്നത് വിശ്വാസപ്രമാണത്തിൽ ഏറ്റുചൊല്ലുന്ന സത്യമാണ്. നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പ് എപ്രകാരമായിരിക്കും എന്നതിന്റെ സനാതനമായ സാക്ഷ്യമാണ് ഈശോയുടെ ഉത്ഥിതശരീരം.
അതിനാൽ ശരീരത്തെ പവിത്രമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ശരീരത്തെ മലിനമാക്കുന്നതും ഉത്ഥാനത്തിലൂടെ ശരീരങ്ങളുടെ സ്വർഗ്ഗപ്രവേശനം തടയുന്നതുമായ തിന്മകൾ: മദ്യപാനം, മയക്കുമരുന്നുകൾ, വ്യഭിചാരം, അശുദ്ധപാപങ്ങൾ എന്നിവയാണ്. ശരീരത്തെ മലിനമാക്കുന്ന പാപങ്ങൾക്ക് വലിയ പ്രചാരം സിദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ ശരീരത്തിന്റെ ഉയിർപ്പ് എന്ന വിശ്വാസസത്യത്തെ മുറുകെപിടിച്ചുകൊണ്ട് ജീവിക്കണം.
ഈശോയുടെ ഉത്ഥിതശരീരത്തിൽ അവിടുത്തെ തിരുമുറിവുകളുണ്ടായിരുന്നു എന്ന സത്യവും ശ്രദ്ധേയമാണ്. അപരനുവേണ്ടി സഹിച്ചതിന്റെയും ത്യാഗം ചെയ്തതിന്റെയും അന്യായമായി പീഡയേറ്റതിന്റെയും ശേഷിപ്പുകൾക്ക് ഉത്ഥാനത്തിൽ വലിയ മൂല്യമുണ്ട്. ഈശോയെപ്പോലെ ക്ഷമിച്ചു പ്രാർത്ഥിക്കുമ്പോൾ മുറിവുകൾ തിരുമുറിവുകളാകുന്നു. പ്രസ്‌തുത മുറിവുകൾ വിശ്വാസത്തിന്റെ തെളിവുകളും രക്ഷയുടെ അടയാളങ്ങളുമായി മാറുന്നു. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ് 'കര്‍ത്താവ് ഉയിര്‍ത്തെഴുന്നേറ്റു' എന്ന സദ്വാര്‍ത്ത. കാരണം, ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്.
കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക് ഓര്‍മ വരുന്നുണ്ട്. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട് ഈ പ്രതിസന്ധികള്‍ക്ക് ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ് ഉത്തരം. എന്നൊക്കെയാണോ പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്, പ്രശ്നങ്ങളുടെ തിരമാലകള്‍ സഭാനൗയകയെ ആടിയുലയ്ക്കുന്നത്, അന്നൊക്കെ നാം ശ്രദ്ധയോടെ കാതോർത്താൽ മനസ്സിലാകും, കര്‍ത്താവ് നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്. ഉത്ഥാനതിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെയൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട് എന്നതാണ്.
ഉയിർത്തെഴുന്നേറ്റ കര്‍ത്താവ് നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ് ഈസ്റ്റര്‍. കര്‍ത്താവ് എല്ലാവരെയും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്‍പിച്ചത്, 'ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു' എന്ന സദ്വാര്‍ത്തയാണ്. ഒരു ക്രൈസ്തവന്‍ ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്തോഷമാണ്. പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. ഉത്ഥിതന്റെ സമ്മാനമായ സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ് വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത് സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്.
ഈ കാലഘട്ടം ഒരുപാട് അസ്വസ്ഥമാണ്. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീരുമൊക്കെയുണ്ട്. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്. തുറക്കപ്പെട്ട കല്ലറയും ഉരൂട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ് ക്രൈസ്തവര്‍. കാൽവരിയിലെ കർത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്ക് നയിച്ചത്. തോല്‍ക്കാൻ വിട്ടുകൊടുക്കുന്നിടത്താണ് ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്. ക്രൈസ്തവജീവിതം ഉത്ഥാന തിരുനാളിന്റെ തുടർച്ചയാണ്. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങൾ പ്രത്യാശയോടെ സ്വീകരിക്കുവാനും സ്നേഹത്തോടെ സംവഹിക്കുവാനും കഴിയുമ്പോൾ ദൈവം നമുക്ക് നൽകുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം.
എല്ലാം സുരക്ഷിതമായാൽ സമാധാനമുള്ളവരാണെന്ന് കരുതന്നവരോട് ഉത്ഥിതൻ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ് ഉത്ഥാനത്തിരുനാള്‍ നമുക്കു നല്‍കുന്നത്. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനതിരുനാളിനു നല്കാനുള്ള സദ്വാര്‍ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാനതിരുനാൾ ആഘോഷത്തിന് സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല.
ഉത്ഥാനതിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ!
