News - 2025
വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ..!
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 15-04-2025 - Tuesday
'സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും'.
ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബെനഡിക്ടിൻ സന്യാസിക്ക് ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് 'ഇൻ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം. ഫാ. അലക്‌സാണ്ടർ പൈകട സി.എം.ഐ, ടി. ദേവപ്രസാദ് എന്നിവർ ചേർന്ന് ഈ പുസ്തകം മലയാളത്തിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. 'ഈശോയുടെ വക്ഷസ്സിൽ' എന്നാണ് 'ഇൻ സിനു ജേസു' എന്നതിന്റെ അർത്ഥം. ഈ ഗ്രന്ഥത്തിലെ 2010 മാർച്ച് ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയിൽ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ സഹായകമാണ്. 'സഹിക്കുക ആരാധിക്കുക' എന്ന ശീർഷകത്തിലാണ് സന്ദേശം ആരംഭിക്കുന്നത്.
'നിന്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും. എന്നോടുള്ള സ്‌നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളിൽ സഹനത്തിന് മൂല്യം നൽകുന്നത് സ്‌നേഹമാണ്. ആരാധന എനിക്ക് വിലപിടിപ്പുള്ളതാക്കുന്നതും എന്റെ ഹൃദയത്തിന് പ്രീതികരമാക്കുന്നതും സ്‌നേഹമാണ്. ഇതാണ് നിന്റെ ദൈവവിളി- എപ്പോഴും സ്‌നേഹത്തിൽ സഹിക്കുക, ആരാധിക്കുക.' (പേജ് 269).
ഓശാന പാടി വലിയ ആഴ്ചയിലേക്ക് പ്രവേശിച്ച നമുക്കുവേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് സഹനവും ആരാധനയും. അവ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹമാണ്. സ്‌നേഹത്തിൽ നിറഞ്ഞ വ്യക്തിക്കു മാത്രമേ സഹനവും ആരാധനയും അർത്ഥവത്താക്കാനാകൂ. ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരങ്ങൾ സഹനത്തിലും ആരാധനയിലും പ്രതിഫലിക്കുമ്പോൾ അവയ്ക്ക് ദൈവതിരുമുമ്പിൽ ഏറെ മൂല്യമുണ്ട്. അവ ജീവിതത്തിൽ പരിവർത്തനത്തിന്റെ നിഴലാട്ടം നമുക്ക് അനുഭവവേദ്യമാക്കിത്തരും. സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും.
സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത പലപ്പോഴും 'ക്രൂശിതനോട് ചേർന്ന് എന്റെ സ്‌നേഹം ക്രൂശിക്കപ്പെട്ടു,' എന്ന് പറയുമായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്‌നേഹംകൊണ്ട് ഹൃദയം നിറയുമ്പോൾ സഹനങ്ങൾ ചോദിച്ചു വാങ്ങാൻ തുടങ്ങും, ദൈവം അനുവദിക്കുന്ന സഹനങ്ങൾ ഹൃദയപൂർവം നിറവേറ്റുമ്പോൾ അത് ആരാധനയായി മാറും. 'ഇൻ സിനു ജേസു' വീണ്ടും ഓർമിപ്പിക്കുന്നതുപോലെ, 'ഞാൻ അനുവദിക്കുന്നതും മനസാകുന്നതുമായ സഹനങ്ങൾ സ്വീകരിക്കുക. അങ്ങനെ ക്ഷമയിലൂടെ നീ എന്റെ പീഡാനുഭവത്തിൽ പങ്കാളിയാവുകയും നിന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തിയാക്കുകയും ചെയ്യും,' (പേജ് 270)
വലിയ ആഴ്ചയിൽ തിരുസഭ നമ്മെ വിളിക്കുന്നത് ക്രൂശിതന്റെ വക്ഷസ്സിൽ തല ചായിച്ചിരിക്കാനും അവനോടുള്ള സ്‌നേഹത്തിൽ സഹിക്കാനും ആരാധനയിൽ അവനോടൊപ്പമാകാനുമാണ്. അതിനായി ഈ അതിവിശുദ്ധ ദിനങ്ങളിൽ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം.
